kannur local

റവന്യൂ സ്റ്റാമ്പ് കിട്ടാനില്ല; ജനങ്ങള്‍ നെട്ടോട്ടത്തില്‍

ഇരിട്ടി: അധികൃതരുടെ അനാസ്ഥ മൂലം റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയായി. റവന്യൂ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായമുള്‍പ്പെടെ കൈപ്പറ്റാന്‍ സാധിക്കാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുന്നു. മൂന്നു  മാസമായി റവന്യൂ സ്റ്റാമ്പ് ക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ റവന്യൂ സ്റ്റാമ്പ് ലഭ്യമാക്കാനോ വിതരണം ചെയ്യാനോ തയ്യാറാവാത്ത അധികൃതര്‍ക്കെതിരേ ജനരോഷം ശക്തമാവുകയാണ്. നാസിക്കില്‍ നിന്നു അച്ചടിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ വഴി ജില്ലാ ട്രഷറി മുഖേന അതാത് സബ് ട്രഷറികള്‍ വഴി അതാത് പ്രദേശത്തെ സ്റ്റാമ്പ് വെണ്ടര്‍മാര്‍ മുഖേനയാണ് സംസ്ഥാനത്ത് റവന്യൂ സ്റ്റാമ്പ് വിതരണം നടക്കുന്നത്.
5000 രൂപയ്ക്ക് മുകളില്‍ എത് ധനസഹായം കൈപ്പറ്റാനും മറ്റ് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്താനും റവന്യൂ സ്റ്റാമ്പ് ആവശ്യമാണെന്നിരിക്കെ കാലവര്‍ഷക്കെടുതി മൂലവും പ്രകൃതിക്ഷോഭവും മൂലമുള്ള ധനസഹായത്തിനും സര്‍ക്കാര്‍ ഭവന നിര്‍മാണ ധനസഹായം കൈപ്പറ്റുന്നതിനും ചികില്‍സാ ധനസഹായം ഉള്‍പ്പെടെ സ്വീകരിക്കാനും റവന്യൂ സ്റ്റാമ്പ് നിര്‍ബന്ധമാണെന്നിരിക്കെ റവന്യു സ്റ്റാമ്പ് കിട്ടാത്തത് സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. സ്റ്റാമ്പ് ക്ഷാമം എന്ത് കാരണത്താലാണ് എന്ന് വ്യക്തമായി മറുപടി നല്‍കാന്‍ വെണ്ടര്‍മാര്‍ക്കും ട്രഷറി ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നുമില്ല. റവന്യു സ്റ്റാമ്പ് വിതരണത്തിന് മെച്ചപ്പെട്ട ലാഭമില്ലാത്തതിനാല്‍ പലരും സ്റ്റാമ്പ് വിതരണം ചെയ്യാന്‍ മടിക്കുന്നതായും സ്റ്റാമ്പ് വിതരണത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് റവന്യൂ സ്റ്റാമ്പ് ക്ഷാമം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it