റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ വീഴ്ചയെന്ന് സിഎജി റിപോര്‍ട്ട്

തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വിവിധ വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയെന്നു കംപ്—ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട്. റവന്യൂ കുടിശ്ശിക 5182.78 കോടിയെന്നും സിഎജി കണ്ടെത്തല്‍. സിഎജിയുടെ ഓഡിറ്റ് റിപോര്‍ട്ട് ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തു വച്ചു. 1952 മുതല്‍ എക്‌സൈസ് വകുപ്പിന് കുടിശ്ശികയുണ്ട്. എക്‌സൈസ് വകുപ്പിന്റെ കുടിശ്ശിക 111.14 കോടിയാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 12591 കോടി രൂപയുടെ റവന്യൂ കുടിശ്ശികയുണ്ടെന്നു സിഎജി കണ്ടെത്തിയിരിക്കുന്നത്. മുന്‍കൊല്ലത്തെ അപേക്ഷിച്ച് 2016-17 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനം 75612 കോടി രൂപയാണ്. 2017 മാര്‍ച്ച് 31 വരെ 12591 കോടിരൂപയുടെ കുടിശ്ശികയാണുള്ളത്. കുടിശ്ശിക ഈടാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാത്തതാണ് ഇത്ര ഭീമമായ കുടിശ്ശികയ്ക്ക് കാരണമെന്നു റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 5183 കോടിരൂപ അഞ്ചുവര്‍ഷത്തിലേറെയായി പിരിക്കാന്‍ ബാക്കിനില്‍ക്കുന്നതാണ്. കാരുണ്യ ചികില്‍സാ സഹായനിധി പദ്ധതിയില്‍ വീഴ്ച പറ്റിയെന്നും 632 കോടിരൂപയുടെ കുടിശ്ശികയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. കാരുണ്യ ലോട്ടറി തുടങ്ങിയതിനു ശേഷം ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം നിര്‍ധന രോഗികള്‍ക്ക് 632 കോടി രൂപ കൊടുക്കാനുണ്ട്. അപേക്ഷകളുടെ ബാഹുല്യവും ബജറ്റ് വിഹിതത്തിന്റെ കുറവുമാണ് വീഴ്ചയ്ക്കു കാരണം. സ്ത്രീശക്തി ലോട്ടറി, ജവാന്മാരുടെ ക്ഷേമത്തിനുള്ള ബംബര്‍ ലോട്ടറി എന്നിവയില്‍ നിന്നുള്ള വരുമാനവും ഗുണഭോക്താക്കളില്‍ എത്തിയില്ല.
റവന്യൂ വരവിന്റെ 36 ശതമാനവും പലിശ നല്‍കാനും പെന്‍ഷനുമായി നല്‍കുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. 14ാം ധനകാര്യ കമ്മീഷന് ശുപാര്‍ശ പ്രകാരം ധനക്കമ്മി-ജിഎസ്ഡിപി അനുപാതം മൂന്ന് ശതമാനമായി നിലനിര്‍ത്തണം. എന്നാല്‍, 2016-17ല്‍ സംസ്ഥാനത്ത് ധനക്കമ്മി-ജിഎസ്ഡിപി അനുപാതം നാലു ശതമാനമായി ഉയര്‍ന്നു. റവന്യൂ വരവ് 2015-16ലെ 69033 കോടിയില്‍ നിന്ന് 75,612 കോടിയായി വര്‍ധിച്ച് 9.53 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഇത് പക്ഷേ, അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. തനത് നികുതി വരുമാനവും ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ തന്നെ; 8.16 ശതമാനം മാത്രം.
2016-17ല്‍ ലഭിച്ച വായ്പയുടെ 68 ശതമാനവും കടത്തിന്റെ തിരിച്ചടവിനായി വിനിയോഗിച്ചു. വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയതില്‍ വിനിയോഗിക്കാതെ കിടക്കുന്ന തുക തിരിച്ചടയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നു.
വാണിജ്യ നികുതി വകുപ്പിന്റെ കംപ്യൂട്ടര്‍വല്‍ക്കരണത്തിനായുള്ള കേന്ദ്ര വിഹിതമായ 7.43 കോടി കാലഹരണപ്പെട്ടു. വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കിയില്ല. കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ നിന്നു ശേഖരിച്ച ഡാറ്റ ഇറക്കുമതി ചെയ്ത 27 വ്യാപാരികളുടെ ഡാറ്റയുമായി ഒത്തുനോക്കിയതില്‍ 1238.39 കോടി രൂപ മൂല്യമുള്ള ഇറക്കുമതി വെളിപ്പെടുത്തിയിട്ടില്ല.
മോട്ടോര്‍ വാഹന വകുപ്പില്‍ നടത്തിയ ഓഡിറ്റിങില്‍ പെര്‍മിറ്റുകളുടെ കാലാവധി അവസാനിച്ച 14127 വാഹനങ്ങളില്‍ നിന്നു 3.32 കോടി പിഴ ഈടാക്കിയില്ലെന്നും 1,13,4779 വാഹനങ്ങളില്‍ നിന്നായി നികുതി തുകയായ 128.73 കോടി രൂപ ഈടാക്കിയില്ലെന്നും റിപോര്‍ട്ടിലുണ്ട്. ലാന്‍ഡ് റവന്യൂ വകുപ്പില്‍  കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട് വിവിധ ക്രമക്കേടുകളും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും താലൂക്ക് ഓഫിസുകളിലെയും കണക്കുകളിലെ വ്യത്യാസം മൂലം 450 കെട്ടിടങ്ങളില്‍ നിന്ന് 9.47 കോടിയുടെ വരുമാന നഷ്ടമുണ്ടായി. 13 കേസുകളില്‍ അധിക നികുതി നിര്‍ണയിക്കാത്തതുമൂലം 83.79 ലക്ഷം രൂപയുടെ നഷ്ടവും വ്യക്തമാണ്. ഇതിനുപുറമെ എക്‌സൈസ്, രജിസ്—ട്രേഷന്‍ വകുപ്പുകളിലും നികുതി പിരിവില്‍ ഗുരുതര വീഴ്ച വന്നതായി സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it