റമദാന്‍: സുകൃതങ്ങളുടെ പുണ്യമാസം

റമദാന്‍: സുകൃതങ്ങളുടെ പുണ്യമാസം
X
 


ദൈവിക അനുഗ്രഹങ്ങള്‍ അണമുറിയാതെ വര്‍ഷിക്കുന്ന പുണ്യദിനരാത്രങ്ങള്‍ വീണ്ടും വിശ്വാസികളിലേക്കു വന്നെത്തി. പാപപങ്കിലമായ നാളുകളോട് വിടപറഞ്ഞ് മനസ്സിനെയും ശരീരത്തെയും സ്ഫുടം ചെയ്‌തെടുത്ത് നരകമോചനവും സ്വര്‍ഗപ്രവേശനവും സാധ്യമാക്കിത്തരുന്ന പവിത്ര ദിനരാത്രങ്ങള്‍. ആത്മീയമണ്ഡലങ്ങള്‍ക്ക് ഉണര്‍വും ഉന്മേഷവും വര്‍ധിപ്പിക്കുന്ന വിശുദ്ധ ദിനരാത്രങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി വിശ്വാസികള്‍ പ്രവേശിച്ചിരിക്കുന്നു.

ഇനി ഒരു മാസക്കാലം വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്. അതോടു കൂടെ വിശുദ്ധ ഖുര്‍ആന്‍ പാരായണവും തറാവീഹ് നമസ്‌കാരവും ദാനധര്‍മങ്ങളുമെല്ലാം ഒത്തുചേരുന്നതോടെ ഓരോ വിശ്വാസിയുടെയും പവിത്രനാളുകള്‍ സുകൃതങ്ങള്‍കൊണ്ട് സമ്പന്നമാവുന്നു.റമദാന്‍ സഹനസമരത്തിന്റെ നാളുകളാണ്.

ജീവിതയാത്രയില്‍ മനുഷ്യന് കൈമോശം വന്നുപോകുന്ന പാപങ്ങളില്‍നിന്ന് മുക്തനാവാനുള്ള അവസരമാണ് റമദാന്‍. അറിഞ്ഞോ അറിയാതെയോ സംഭവിച്ച പാപങ്ങള്‍ കാരുണ്യവാനായ അല്ലാഹുവിന് മുമ്പില്‍ ഏറ്റുപറഞ്ഞ് പാപസുരക്ഷിതമായ മനസ്സുമായി നന്മയുള്ള ജീവിതത്തിലേക്ക് വിഭവങ്ങള്‍ ശേഖരിക്കാനുള്ള സുവര്‍ണാവസരമാണിത്. അതിനുവേണ്ടിയാണ് ഓരോ വിശ്വാസിക്കും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടത്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക: ''വിശ്വാസിസമൂഹമേ, നിങ്ങളുടെ മുന്‍കാല സമൂഹങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മശാലികളാവാന്‍ വേണ്ടി'' (സൂറത്തുല്‍ ബഖറ: 183). പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിയുക എന്നത് മാത്രമല്ല നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യശരീരത്തെ ബാധിച്ചിട്ടുള്ള സര്‍വ തിന്മകളില്‍നിന്നും വിട്ടുനില്‍ക്കുക നോമ്പിന്റെ സമ്പൂര്‍ണതയ്ക്ക് അനിവാര്യമാണ്. നാവ്, കണ്ണ്, ചെവി, കൈകാലുകള്‍ അടക്കമുള്ള ഓരോ അവയവവും തെറ്റുകളില്‍നിന്ന് മുക്തമാവേണ്ടതുണ്ട്. പരിപൂര്‍ണമായി സ്വശരീരത്തെ അല്ലാഹുവിലേക്ക് സമര്‍പിക്കുന്ന ശ്രമകരമായ ആരാധന കൂടിയാണ് നോമ്പ്.

മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യത്തില്‍ സൂചിപ്പിച്ചതുപോലെ, നോമ്പ് മനുഷ്യന് സൂക്ഷ്മജീവിതം നയിക്കാനുള്ള അവസരം തുറന്നിടുകയാണ്. നോമ്പെന്നപോലെ ഓരോ ആരാധനയ്ക്കും പരമപ്രധാനമാണ് സൂക്ഷ്മത (തഖ്‌വ). തഖ്‌വയില്‍ അധിഷ്ഠിതമായ ആരാധനകള്‍ക്കാണ് അല്ലാഹുവിങ്കല്‍ പ്രഥമസ്ഥാനമുള്ളത്. അര്‍ഥശൂന്യമായ ആരാധനകള്‍ക്ക് ദൈവികമായ പരിഗണന ലഭിക്കുകയേയില്ല. വിശ്വാസി ചെയ്തുകൂട്ടുന്ന ആരാധനാമുറകള്‍ ആത്മാര്‍ഥമാവണമെന്ന പ്രവാചകാധ്യാപനവും ഈ ലക്ഷ്യത്തിലേക്കാണ് വെളിച്ചം വീശുന്നത്.പാപങ്ങളിലേക്കു മനുഷ്യനെ നയിക്കുന്ന വികാരവിചാരങ്ങളെ അടക്കിനിര്‍ത്തുന്നതോടൊപ്പം വ്രതം വലിയൊരു സാമൂഹികബോധനവും നമുക്കു നല്‍കുന്നുണ്ട്.

സമൂഹത്തില്‍ സമ്പന്നനും ദരിദ്രനും ഒരുപോലെ പട്ടിണിയുടെ രുചിയറിയുന്ന നാളുകള്‍ കൂടിയാണ് റമദാന്‍. ഇതു പാവപ്പെട്ടവന്റെ വേദന മനസ്സിലാക്കാന്‍ സമ്പന്നന് പ്രചോദനം നല്‍കുന്നു. 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെ'ന്ന പ്രവാചക വചനവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. റമദാന്‍ വിശുദ്ധ ഖുര്‍ആന്റെ മാസമാണ്. ഖുര്‍ആനിലൂടെ അല്ലാഹു തന്നെ ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. റമദാനെ ഇത്രമേല്‍ പവിത്രമാക്കിയതും ഖുര്‍ആന്റെ അവതരണമാണ്. ഈ പുണ്യനാളുകളില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തേണ്ടതുണ്ട്. അത്യാവശ്യ സമയങ്ങളൊഴിച്ച് ബാക്കിയുള്ള സമയം ഖുര്‍ആന്‍ പാരായണത്തിനു മാറ്റിവയ്ക്കണം.

പരിപാവനമായ ഈ ഗ്രന്ഥത്തെ അര്‍ഹിക്കുന്ന രീതിയില്‍ സ്വീകരിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ പരലോകത്ത് നമുക്കത് തിരിച്ചടിയായിരിക്കും. തറാവീഹ് നമസ്‌കാരം റമദാനിലെ പ്രത്യേക നമസ്‌കാരമാണ്. മനുഷ്യജീവിതത്തില്‍ വന്നുപോയ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ തറാവീഹ് നമസ്‌കാരത്തിലൂടെ സാധിക്കും. പ്രവാചകന്‍ മുഹമ്മദ് നബി(സ) പറയുന്നു: ''വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും റമദാന്‍ മാസത്തില്‍ ഒരാള്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ അവനില്‍നിന്ന് വന്നുപോയ ദോഷങ്ങള്‍ പൊറുക്കപ്പെടും'' (ബുഖാരി). ഇവിടെ നമസ്‌കാരംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് തറാവീഹ് നമസ്‌കാരമാണെന്ന് ഇമാമീങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

നബി(സ)യും സ്വഹാബത്തും കൂട്ടമായും അല്ലാതെയും തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഇന്നു കാണുന്ന രീതിയില്‍ വ്യവസ്ഥാപിതമായി തറാവീഹ് നമസ്‌കാരം ആരംഭിച്ചത് രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്താണ്. ആരാധനാകര്‍മങ്ങള്‍ക്ക് അനേകായിരം ഇരട്ടി പ്രതിഫലം ലഭിക്കുന്ന ഈ പരിശുദ്ധമാസത്തില്‍ തറാവീഹ് അടക്കമുള്ള ഫര്‍ളും സുന്നത്തുമായ മുഴുവന്‍ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. റമദാന്‍ സകാത്തിന്റെ മാസമല്ലെങ്കിലും റമദാനില്‍ സകാത്തിന് പ്രാമുഖ്യം നല്‍കുന്ന രീതി ഇന്നു പതിവാണ്. അല്ലാഹു മനുഷ്യന് കനിഞ്ഞുനല്‍കിയ സമ്പത്തിന്റെ നിശ്ചിത വിഹിതം മറ്റുള്ളവര്‍ക്ക് നല്‍കുന്ന രീതിയാണ് സകാത്ത്. സമ്പന്നന്റെ ഔദാര്യമായല്ല സകാത്ത് വിതരണത്തെ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. പാവപ്പെട്ടവന്റെ അവകാശമാണത്. സകാത്തിലൂടെ സാമൂഹിക സുസ്ഥിരത ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

ഇല്ലാത്തവനെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സകാത്ത് സമ്പ്രദായം മനുഷ്യന് പ്രചോദനം നല്‍കുന്നുണ്ട്. ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ സകാത്ത് വിതരണം കാര്യക്ഷമമായാല്‍ ദാരിദ്ര്യമുക്ത സമൂഹമായി നമ്മുടെ സമൂഹം വളര്‍ച്ച പ്രാപിക്കുമെന്നത് വസ്തുതയാണ്. അതുവഴി പരസ്പര സഹവര്‍ത്തിത്വവും ഐക്യവും ഒരുമയും ഊട്ടിയുറപ്പിക്കാനും സാധ്യമാവും. സുകൃതങ്ങളുടെ പേമാരി തീര്‍ക്കുന്ന വിശുദ്ധ റമദാനില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവും അല്ലാഹു വിശ്വാസികള്‍ക്കായി നല്‍കിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയതാണ് ഈ രാവ്. ഒരൊറ്റ രാത്രികൊണ്ട് മനുഷ്യന് ഉന്നതപദവികളിലേക്കെത്താന്‍ ഇതിലൂടെ അല്ലാഹു അവസരം ഒരുക്കിയിരിക്കുകയാണ്. ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവിലാണെന്ന് നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയക്ക രാവുകളിലാണെന്ന് പ്രവാചക വചനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ആരാധനകള്‍കൊണ്ട് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കേണ്ട മാസമാണിത്. ഒരു നന്മ ചെയ്യുന്നതു വഴി അനന്തമായ പ്രതിഫലമാണ് ഈ മാസത്തില്‍ അല്ലാഹു വിശ്വാസിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകം കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്ന ഈ അമൂല്യ ദിനരാത്രങ്ങളില്‍ നന്മയിലേക്കു മാത്രമാവണം നമ്മുടെ ശ്രദ്ധ. റമദാനോടു കൂടി പാപങ്ങളോട് വിട പറയണം. സ്ഫുടംചെയ്‌തെടുത്ത മനസ്സും ശരീരവുമായി നാഥനിലേക്ക് അടുത്തുകൊണ്ടേയിരിക്കണം. അസ്ഹാബുല്‍ ബദ്‌റിന്റെ ചരിത്രം സ്മരിക്കപ്പെടുന്ന മാസം കൂടിയാണിത്.

ഇസ്‌ലാമിന്റെ നിലനില്‍പ്പിനുവേണ്ടി ശത്രുസമൂഹത്തിനു മുന്നില്‍ പ്രതിരോധം തീര്‍ത്ത ചരിത്രത്തിലെ നിര്‍ണായക ഘട്ടമായിരുന്നു അത്. റമദാന്‍ പതിനേഴിന്റെ പകലില്‍ നോമ്പു നോറ്റ്, ഈ സത്യപ്രസ്ഥാനത്തിന്റെ പൊന്‍പ്രഭ വിണ്ണില്‍ പരിലസിക്കാന്‍ വേണ്ടി സ്വശരീരത്തെ അല്ലാഹുവിലേക്കു സമര്‍പിച്ചവര്‍. അവരെ അനുസ്മരിച്ചുകൊണ്ടായിരിക്കണം നമ്മുടെ ആരാധനകളും. പ്രവാചകന്‍മാരും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും അനുഭവിച്ച ത്യാഗങ്ങളില്‍നിന്ന് നാം പാഠമുള്‍ക്കൊള്ളണം.

നോമ്പ് അതിന്റെ ഭാഗമാണ്. അല്ലാഹു അവന്റെ സുകൃതങ്ങള്‍കൊണ്ട് അടിമയെ അനുഗ്രഹിക്കുന്ന മാസമാണ് റമദാന്‍. പൂര്‍ണാര്‍ഥത്തില്‍ അത് ഉപയോഗപ്പെടുത്തലാണ് അടിമയുടെ ബാധ്യത. അതിനുള്ള അവസരമാണ് നമുക്കു മുമ്പില്‍ തുറക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ റമദാനെ അര്‍ഹിക്കുന്ന രീതിയില്‍ സ്വീകരിക്കാനും ഇബാദത്തുകള്‍കൊണ്ട് ധന്യമാക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.

(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it