Pravasi

റമദാന്‍ ആദ്യ ദിനം 600 പേര്‍ ഹമദില്‍ ചികില്‍സ തേടി ; ഒരു മരണം നടന്നു



ദോഹ: റമദാനിന്റെ ആദ്യ ദിനം വ്യത്യസ്ത രോഗങ്ങളുമായി 600 പേര്‍ ഹമദില്‍ ചികില്‍സക്കെത്തിയതായി ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി. ഗ്യാസ്ട്രബിള്‍, ചൂട് കൂടിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഹൃദ്രോഗം എന്നിങ്ങനെ വ്യത്യസ്ത രോഗങ്ങളുമായാണ് നിരവധി പേര്‍ ഹമദിലെത്തിയത്. അതേസമയം, ഹൃദയ സ്തംഭനം മൂലം ഒരു മരണവും റമദാനിന്റെ ആദ്യ ദിനം സംഭവിക്കുകയുണ്ടായി.14 ഹൃദ്രോഗ കേസുകള്‍ ഹമദ് എമര്‍ജന്‍സിയിലെത്തിയതായി എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ് ഡോ.യൂസുഫ് അല്‍ത്വയ്യിബ് ചൂണ്ടിക്കാട്ടി. ഹൃദ്രോഗികളെയെല്ലാം ചെസ്റ്റ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.വാഹനാപകടവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് റമദാന്‍ ഒന്നാം ദിവസം ഹമദ് എമര്‍ജന്‍സിയിലെത്തിയത്. ഇതില്‍ അതീവ ഗുരുതരമായ ഒരു കേസ് ഐസിയുവിലേക്ക് മാറ്റിയതായി ഡോ.യൂസുഫ് വ്യക്തമാക്കി. റമദാനില്‍ ആരോഗ്യകരമായ ഭക്ഷണ ശീലം പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേരത്തെ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചിട്ടുണ്ട്. കൊഴുപ്പ് നിറഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ റമദാനില്‍ ഒഴിവാക്കണമെന്ന് ഡോ.യൂസുഫ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it