Flash News

റബര്‍ കര്‍ഷകരുടെ സബ്‌സിഡി : കുടിശ്ശിക ഈ മാസം നല്‍കും



കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സബ്‌സിഡി കുടിശ്ശിക ഈ മാസം പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്ന് ചെയര്‍മാന്‍ എ അജിത്കുമാര്‍. 1.4 കോടി രൂപയാണ് സബ്‌സിഡിയായി നല്‍കാനുണ്ടായിരുന്നത്. ഇതു ഘട്ടംഘട്ടമായി നല്‍കിവരുകയാണ്. 35 ലക്ഷം രൂപ ഉടന്‍ വിതരണം ചെയ്യും. ബാക്കി കുടിശ്ശിക മുഴുവന്‍ ഈ മാസംകൊണ്ട് കൊടുത്തുതീര്‍ക്കും. സബ്‌സിഡിക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍നിന്ന് സ്വീകരിക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. 2015നു ശേഷമാണ് സബ്‌സിഡി അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചത്. വ്യക്തത വരുത്തിയശേഷം മാത്രമേ പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയൂ. വരുന്ന സപ്തംബറില്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. റബര്‍ കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആദ്യഘട്ടം കോട്ടയം, പാലക്കാട് ജില്ലകളില്‍ നടപ്പാക്കും. ഒമ്പത് ഇന്‍ഷുറന്‍സ് കമ്പനികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. 29ന് ഇതുസംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ നടക്കുകയാണ്. വനിതാ ടാപ്പര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിക്ക് മൂവാറ്റുപുഴയില്‍ തുടക്കംകുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, റബര്‍ ബോര്‍ഡിന്റെ വിവിധ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ ആപ്പും പുറത്തിറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ കേരള വികസിപ്പിച്ചെടുത്ത പുതിയ ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ വൈകാതെ ലഭ്യമാവും. കര്‍ഷകര്‍ക്കും ബോര്‍ഡിനുമിടയിലുള്ള ഡിജിറ്റല്‍ ലിങ്കായിരിക്കും പുതിയ ആപ്പ് എന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആപ്പിലെ അലര്‍ട്‌സ് എന്ന ലിങ്ക് വഴി പുതിയ പദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകള്‍, തൊഴിലാളിക്ഷേമ പദ്ധതികള്‍, ബോര്‍ഡിന്റെ പരിശീലനങ്ങള്‍, രോഗനിര്‍ണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയൊക്കെ അറിയാനാവും. മാര്‍ക്കറ്റ് പ്രൈസ് എന്ന അലര്‍ട്ടില്‍നിന്ന് ഇന്ത്യയിലെയും വിദേശവിപണികളിലെയും റബര്‍വിലയും അറിയാം. കള്‍ച്ചറല്‍ അഡൈ്വസറീസ് എന്ന ഭാഗത്തുനിന്ന് വിവിധ രാജ്യങ്ങളിലെ ഓരോ മാസവും നടത്തേണ്ട കൃഷിപ്പണികളെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്. കോണ്‍ടാക്ട് ഡീറ്റെയില്‍സ് വഴി രാജ്യത്തെ വിവിധ ഓഫിസുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നു. ബോര്‍ഡിന്റെ കോള്‍ സെന്റര്‍, വാട്‌സ്ആപ്പ്, യുട്യൂബ് എന്നിവ ഡിജിറ്റല്‍ രൂപത്തിലേക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it