Flash News

റഫേല്‍ കരാര്‍: പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍; മോദി അഴിമതിക്കാരന്‍

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്നു വ്യക്തമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) കള്ളനാണെന്നു ബോധ്യമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരമാണ് റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഹൊളാന്‍ദിന്റെ പ്രസ്താവന സംബന്ധിച്ച് മോദി മറുപടി പറയേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഒന്നുകില്‍ ഹൊളാന്‍ദ് പറഞ്ഞത് ശരിയാണെന്ന് പറയണം. അല്ലെങ്കില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പറയണം. ഒരു രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണ്. ഇത് ആദ്യത്തെ സംഭവമാണ്. ഇത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനു നിരക്കുന്നതല്ല. രാജ്യത്തിന്റെ വ്യോമസേനയുടെയും സൈനികരുടെയും കാര്യം കൂടിയാണ് റഫേല്‍ കരാറെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരമാണ് റിലയന്‍സിനെ ഉള്‍പ്പെടുത്തിയതെന്ന് ഹൊളാന്‍ദ് പറയുമ്പോള്‍ അതിനു മറുപടി പറയേണ്ട ബാധ്യത മോദിക്കുണ്ട്. കരാര്‍ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. രാജ്യത്തിന്റെ 130 കോടി രൂപ ഈ കരാറിലൂടെ അംബാനിക്ക് വെറുതെ നല്‍കിയിരിക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
റഫേല്‍ കരാറിലൂടെ മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് നേരത്തേ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ പ്രതിരോധ സേനയ്‌ക്കെതിരായ മിന്നലാക്രമണമാണ് അംബാനിക്ക് 130 കോടിയുടെ കരാര്‍ നല്‍കാനുള്ള തീരുമാനം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ സൈനികരുടെ രക്തത്തെ ഇതിലൂടെ മോദി അപമാനിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരിനു തുറന്നുപറയാനുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. നരേന്ദ്ര മോദിയും അന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഹൊളാന്‍ദും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരിനും റഫേല്‍ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനും അറിയാമെന്നും മനീഷ് തിവാരി പറഞ്ഞു.



Next Story

RELATED STORIES

Share it