Flash News

റഫാല്‍ അഴിമതി: മോദിയുടെ നടപടി ദുരൂഹമെന്ന് എ കെ ആന്റണി

റഫാല്‍ അഴിമതി: മോദിയുടെ നടപടി ദുരൂഹമെന്ന് എ കെ ആന്റണി
X


ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി. വ്യാജ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചു.



മോദിയുടെ നടപടി ദുരൂഹമാണ്. വില വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം അഴിമതി മറച്ചുവയ്ക്കാനുള്ള തന്ത്രമാണ്. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തു. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. 2008 ല്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാര്‍ ആണു ബിജെപി സഭയില്‍ ഹാജരാക്കിയത്. 2008 ല്‍ റഫാലിനെ തിരഞ്ഞെടുത്തിട്ടു പോലുമില്ല.
റഫാല്‍ ഉള്‍പ്പെടെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012 ലാണു റഫാലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല. 126 റഫാല്‍ വിമാനങ്ങള്‍ക്കാണു യുപിഎ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) കൈമാറുമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാരിനു കീഴില്‍ കരാര്‍ 36 വിമാനങ്ങള്‍ക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തു.  യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനു സമ്മതിച്ചതെന്നും എ കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it