രോഹിത് വെമുലയുടെ മാതാവും സഹോദരനും ബുദ്ധമതം സ്വീകരിച്ചു

മുംബൈ: ജാതിപീഡനത്തെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധികയും സഹോദരന്‍ നാഗ ചൈതന്യയും ബുദ്ധമതം സ്വീകരിച്ചു. ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു മതംമാറ്റം.
തന്റെ സഹോദരന്‍ സ്വപ്‌നംകണ്ട, നാണക്കേടില്‍ നിന്നും അപമാനത്തില്‍ നിന്നും മുക്തമായ ജീവിതത്തിന്റെ തുടക്കമാണിതെന്ന് നാഗചൈതന്യ പറഞ്ഞു. രോഹിതിനു നീതിതേടിയുള്ള പോരാട്ടത്തിന്റെ ഭാഗമല്ല മതംമാറ്റം. ഇതു വ്യക്തിപരമാണ്. രോഹിത് ഔപചാരികമായി ബുദ്ധമതം സ്വീകരിച്ചിട്ടില്ല. രോഹിതിന് നീതി ലഭിക്കുന്നതിനുള്ള പോരാട്ടം അവസാനശ്വാസം വരെ തുടരും. മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരേ ഒരക്ഷരംപോലും മിണ്ടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിതിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നതില്‍ കാര്യമില്ലെന്നും നാഗചൈതന്യ പറഞ്ഞു. ഗുണ്ടൂരില്‍ സുഹൃത്തിന്റെ കല്യാണത്തിനു പങ്കെടുത്ത കഴിഞ്ഞ നവംബറിലാണ് രോഹിത് മതംമാറാന്‍ തീരുമാനിച്ചത്. 1956ല്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിക്കാനുണ്ടായ സാഹചര്യം അവന്‍ എപ്പോഴും പറഞ്ഞിരുന്നുവെന്നും നാഗ കൂട്ടിച്ചേര്‍ത്തു.
ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കറുമാണ് മതംമാറ്റ ചടങ്ങു സംഘടിപ്പിച്ചത്. ഹൈദരാബാദില്‍ രോഹിതിനെ സന്ദര്‍ശിച്ചപ്പോള്‍ ബുദ്ധമതം സ്വീകരിക്കുന്ന കാര്യം തന്നോടു പറഞ്ഞിരുന്നുവെന്ന് ഭാരതീയ റിപബ്ലിക്കന്‍ പാര്‍ട്ടി ബഹുജന്‍ മഹാസംഘ് അധ്യക്ഷന്‍ കൂടിയായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്‌സി വിഭാഗത്തില്‍പ്പെട്ട 50ഓളം പേരും ചടങ്ങില്‍ മതംമാറി. ഹൈദരാബാദ് സര്‍വകലാശാലാ കാംപസില്‍ ജാതി വിവേചനം രോഹിതിന്റെ മരണശേഷവും വര്‍ധിച്ചിട്ടുണ്ടെന്ന് ചടങ്ങിനെത്തിയ വിദ്യാര്‍ഥികളിലൊരാളായ ചേരന്ദന്‍ദ രാജു പറഞ്ഞു.
എബിവിപി നേതാവിനെ ആക്രമിച്ചെന്നാരോപിച്ച് മറ്റ് നാലു വിദ്യാര്‍ഥികള്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല അധികൃതരുടെ നടപടിയാണ് രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ചത്. രോഹിതിനെ പുറത്താക്കാന്‍ ബിജെപി നേതൃത്വവും കേന്ദ്രമന്ത്രിമാരും ഇടപെട്ടത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it