Flash News

രോഗികളായ ജീവനക്കാരെ നിബന്ധനകള്‍ ഉയര്‍ത്തി സ്ഥലംമാറ്റരുത്



തിരുവനന്തപുരം: പൊതുനിബന്ധനകള്‍ ഉയര്‍ത്തിപ്പിടിച്ചു രോഗികളായ ജീവനക്കാരെ ദൂരസ്ഥലത്ത് ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് മനുഷ്യത്വപരമല്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാര്‍ഷിക വികസന വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന രോഗിയായ ജീവനക്കാരന് തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കുറച്ച് യാത്രചെയ്ത് ജോലി ചെയ്യാവുന്ന തരത്തില്‍ സ്ഥലംമാറ്റം നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കി.തിരുപുറം സ്വദേശിനി ചിത്ര സമര്‍പ്പിച്ച പരാതിയിലാണു നടപടി. ഒരപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് അജിത്കുമാര്‍ ചികില്‍സയിലാണ്. ഇതിനിടയില്‍ കിഡ്‌നി സംബന്ധമായും രോഗമുണ്ടായി. പൊതു സ്ഥലംമാറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയെങ്കിലും ഒരു പരിഗണനയും നല്‍കാതെ തൃശൂരിലേക്ക് അജിത്കുമാറിനെ സ്ഥലംമാറ്റി. തിരുവനന്തപുരം ജില്ലയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയായതു കാരണമാണ് തൃശൂരിലേക്കു സ്ഥലം മാറ്റിയതെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. നിലവിലുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് പരാതിക്കാരിയുടെ ഭര്‍ത്താവിനെ സ്ഥലംമാറ്റിയതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.പരാതിക്കാരിയുടെ ഭര്‍ത്താവ് രോഗിയാണെന്നും യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളാണെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ജില്ലയില്‍ നിലനിര്‍ത്താമായിരുന്നെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജീവനക്കാരന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സൗകര്യപ്രദമായ ഓഫിസില്‍ ജോലിചെയ്യാന്‍ അവസരം നല്‍കണം. കിഡ്‌നി രോഗവും നട്ടെല്ല് സംബന്ധിച്ച പ്രശ്‌നങ്ങളും നിസ്സാരമായി തള്ളിക്കളയാനാവില്ല. അസുഖമുള്ള ആളുകള്‍ക്ക് കൂടുതല്‍ യാത്രചെയ്യാതെ ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് വകുപ്പിലെ ഉദേ്യാഗസ്ഥരുടെ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it