Pathanamthitta local

രേഖകളില്‍ കൃത്രിമം കാണിച്ചതായി സംശയം;അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന്



പത്തനംതിട്ട: വനിതാ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേയുള്ള കേസിന്റെ രേഖകളില്‍ കൃത്രിമം കാണിച്ചതായി സംശയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത് മുഖ്യ വിവരാവകാശ കമ്മീഷണര്‍. റാന്നി പോലിസ് സ്റ്റേഷനില്‍ സിവില്‍ വനിതാ സിപിഒ റോഷന്‍ മാത്യുവിനെതിരെ റാന്നി മന്ദിരം ചരിവുകാലായില്‍ പൊട്ടങ്കല്‍ വീട്ടില്‍ എച്ച് ഷീജ നല്‍കിയ കേസിന്റെ അന്തിമ റിപോര്‍ട്ടില്‍ തെറ്റായ വസ്്തുത രേഖപ്പെടുത്തി കോടതിയെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവല്ല ഡിവൈഎസ്പി ആയിരുന്ന കെ ജയകുമാറിനെതിരേ അന്വേഷണം നടത്തി യുക്്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ വില്‍സണ്‍ എം പോള്‍, ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസില്‍ കൃത്രിമം കാണിച്ചിരിക്കാമെന്നും അതിനാലാവാം ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ മറുപടി നല്‍കാതിരുന്നതുമെന്ന പരാതിക്കാരിയുടെ ഹരജി തീര്‍പ്പാക്കിയാണ് നടപടി. റാന്നി പോലിസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ ഷീജ എച്ച് നല്‍കിയ പരാതിയില്‍ റാന്നി പോലിസ് കേസെടുത്തിരുന്നു. ജയകുമാര്‍ കേസില്‍ അന്വേഷണം നടത്തി വനിതാ സിവില്‍ പോലിസ് ഓഫീസര്‍ക്ക്  അനുകൂലമാക്കുന്നതിനുവേണ്ടി അന്തിമ റിപോര്‍ട്ടില്‍ തെറ്റായ വസ്തുത രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡിവൈഎസ്പി കാര്യാലയത്തിലെ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫൊര്‍മേഷന്‍ ഓഫിസര്‍ക്ക്   അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഷീജ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ വ്യക്്തമായ മറുപടി ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. തിരുവല്ല ഡിവൈഎസ്പി. ആര്‍ ചന്ദ്രശേഖരന്‍ പിള്ളയ്ക്കാണ് അന്വേഷണ ചുമതല.  ഉത്തരവിറങ്ങി ആറ് മാസം കഴിഞ്ഞിട്ടും  അന്വേഷണം ഒച്ചിഴയും വേഗത്തിലാണെന്നും, ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷീജ പറഞ്ഞു.
Next Story

RELATED STORIES

Share it