രൂക്ഷമായ വരള്‍ച്ചയിലും ജലചൂഷണം വര്‍ധിക്കുന്നു

നിഷാദ് എം ബഷീര്‍
കോട്ടയം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാവുമ്പോഴും ജലചൂഷണം വര്‍ധിക്കുന്നു. വേനല്‍ക്കാലത്ത് കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെയാണ് കുടിവെള്ള മാഫിയകള്‍ രംഗത്തിറങ്ങുകയും ജലചൂഷണം വ്യാപകമാവുകയും ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ജലചൂഷണവുമായി ബന്ധപ്പെട്ട് 2,055 കേസുകളാണ് വാട്ടര്‍ അതോറിറ്റിയുടെ വിവിധ ഓഫിസുകളില്‍ റിപോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകൡലാണ് കൂടുതല്‍ കേസുകളും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഡിവിഷന്റെ കീഴില്‍ ഒരു പോലിസ് കേസും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ഓഫിസില്‍ 16 പരാതികളും ആലപ്പുഴ ഓഫിസില്‍ എട്ട് പരാതികളും എറണാകുളം ഓഫിസില്‍ 13 പരാതികളും ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് ആറ് പരാതികളും ലഭിച്ചിട്ടുണ്ട്. മുഴുവന്‍ കേസുകളിലും നടപടി സ്വീകരിച്ചതായാണ് സര്‍ക്കാരിന്റെ വിശദീകരണം. കുറ്റക്കാരില്‍നിന്ന് 2.061 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.
എറണാകുളത്ത് ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് ആറ് പരാതികളില്‍ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്ട് തയ്യാറാക്കി. ഇതില്‍ ഒരു കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സ്്‌റ്റോപ്പ് മെമ്മോ നല്‍കി. ഇത്തരം പരാതികളില്‍ ജലചൂഷണം നിയന്ത്രിക്കാന്‍ ജലക്ഷമതാ പരിശോധന ഉള്‍പ്പടെയുള്ള ശാസ്ത്രീയപഠനങ്ങള്‍ നടത്തി നടപടി സ്വീകരിക്കുമെന്ന് ഭൂജലവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പരിശോധനയുണ്ടായാല്‍ ജലചൂഷണ കേസുകളുടെ എണ്ണം ഇതിലും കൂടുതലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അഞ്ച് ഹോഴ്‌സ് പവര്‍ ശക്തിയുള്ളതോ അതില്‍ കൂടുതലോ ആയ പമ്പ് ഉപയോഗിച്ച് അനധികൃത ജലചൂഷണം നടത്തുന്നതായി കണ്ടെത്തിയാല്‍ ഒരുവര്‍ഷംവരെ തടവും 5,000 രൂപ പിഴയും ഇവ ഒരുമിച്ചോ തടവ് മാത്രമായോ പിഴശിക്ഷ ഈടാക്കുമെന്നാണ് വ്യവസ്ഥ.
വരള്‍ച്ചാകാലത്തുണ്ടാവുന്ന ജലമോഷണം തടയുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 14 ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനും ഭരണാനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഭൂഗര്‍ഭ ജലചൂഷണം സംബന്ധിച്ച് യാതൊരു നിബന്ധനയും സംസ്ഥാന ഭൂജല അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. കേരള ഭൂജല (നിയന്ത്രണങ്ങളും ക്രമീകരണവും) ആക്ട് 2002ഉം 2009ലെ കേന്ദ്ര ഭൂജല അതോറിറ്റിയുടെ നിബന്ധനകള്‍പ്രകാരവും പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് വ്യാവസായിക സംരംഭങ്ങള്‍ക്ക് ജില്ലാതല അവലോകന സമിതിയുടെ നടപടികള്‍ക്ക് വിധേയമായാണ് നിലവില്‍ അനുമതി നല്‍കുന്നത്.
Next Story

RELATED STORIES

Share it