രുചിയുള്ള ഭക്ഷണം നല്‍കാത്തതിന് വിവാഹമോചനം; ഹരജി തള്ളി

മുംബൈ: വൈകിയുണരുകയും സ്വാദില്ലാത്ത ഭക്ഷണമുണ്ടാക്കുകയും ചെയ്യുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ക്രൂരതയ്ക്കു തുല്യമാവാത്തതിനാല്‍ അവ വിവാഹമോചനം അനുവദിക്കാനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ കെ കെ ടാറ്റഡ്, സരംഗ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ ഹരജി തള്ളിയ കുടുംബകോടതി ഉത്തരവ് ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. മുംബൈയിലെ സാന്താക്രൂസ് സ്വദേശിയാണ് കുടുംബകോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
ഓഫിസ് ജോലി ചെയ്യുന്ന ഭാര്യ ഹരജിക്കാരനും അയാളുടെ രക്ഷിതാക്കള്‍ക്കും വേണ്ടി ഭക്ഷണമുണ്ടാക്കുകയും മറ്റു വീട്ടുജോലികള്‍ ചെയ്ത് അധികഭാരം ചുമക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹരജിക്കാരന്റെ ആരോപണങ്ങള്‍ വിവാഹമോചനത്തിനുള്ള കാരണമായി അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
രാവിലെ ഭാര്യയെ നേരത്തേ ഉണര്‍ത്താന്‍ താനോ രക്ഷിതാക്കളോ ശ്രമിച്ചാല്‍ അവള്‍ ചീത്തവിളിക്കുന്നുണ്ടെന്നും വൈകീട്ട് ആറിന് ജോലിസ്ഥലത്തുനിന്നെത്തുന്ന ഭാര്യ 8.30ന് മാത്രമാണ് അത്താഴമൊരുക്കുന്നതെന്നും ഹരജിക്കാരന്‍ പറഞ്ഞു.
എന്നാല്‍, ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. കുടുംബത്തിനു മുഴുവന്‍ ഭക്ഷണമുണ്ടാക്കിയശേഷമാണ് താന്‍ ജോലിക്കു പോവുന്നതെന്ന് അവര്‍ പറഞ്ഞു. അയല്‍ക്കാരന്റെയും ഹരജിക്കാരന്റെ ചില ബന്ധുക്കളുടെയും മൊഴികള്‍ തെളിവായി അവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Next Story

RELATED STORIES

Share it