രാഷ്ട്രീയ പ്രതിസന്ധി: ഇറാഖ് പാര്‍ലമെന്റിലേക്ക് ആയിരങ്ങളുടെ പ്രകടനം

ബഗ്ദാദ്: ഇറാഖില്‍ പുതിയ കാബിനറ്റ് മന്ത്രിമാര്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ കാലതാമസം തുടരുന്നതിനെതിരേ ശിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുകൂലികളായ ആയിരക്കണക്കിനു പേര്‍ പാര്‍ലമെന്റിലേക്കു പ്രതിഷേധ പ്രകടനം നടത്തി.
രാജ്യത്ത് രണ്ടാഴ്ചയോളമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ തുടര്‍ച്ചയായാണ് പ്രതിഷേധ പ്രകടനം. ബഗ്ദാദില്‍ പാര്‍ലെമന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഓഫിസും വിവിധ എംബസികളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലേക്ക് ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകര്‍ ഇരച്ചുകയറി.
സുരക്ഷാ സൈനികര്‍ ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനു സമീപമെത്തുന്നതു തടയുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്‌ക്കെതിരേ സദര്‍ വാര്‍ത്താസമ്മേളനം നടത്തിയ ശേഷം ഏതാനും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പരിസരത്തെത്തിയത്. ഗ്രീന്‍ സോണിലെ വിവിധ ഓഫിസുകളിലേക്കും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു.
നിലവിലെ സര്‍ക്കാരിനു പകരം പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി പാര്‍ലമെന്റില്‍ വേണ്ടത്ര ഹാജര്‍നിലയില്ലാത്തതിനാല്‍ ഇന്നലെ വീണ്ടും മുടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗ്രീന്‍സോണിനു പുറത്ത് തുടരുകയായിരുന്ന പ്രക്ഷോഭം അകത്തേക്കു മാറിയത്.
Next Story

RELATED STORIES

Share it