Flash News

രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം വേണം

ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രിംകോടതിയില്‍. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത വരുത്തുന്നതിന് ഇക്കാര്യം അനിവാര്യമാണെന്നും കമ്മീഷന്‍ പരമോന്നത കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കുറ്റവാളികളായവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള അധികാരം ലഭ്യമാവുന്നതിന് നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. സത്യവാങ്മൂലം കോടതി ഇന്നു പരിഗണിക്കും. കുറ്റവാളികളായവര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിക്കുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്ത് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അശ്വനി ഉപാധ്യായയാണ് ഹരജി സമര്‍പ്പിച്ചത്. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള അധികാരം മാത്രമേ തിരഞ്ഞെടുപ്പു കമ്മീഷനുള്ളൂ. രാഷ്ട്രീയപ്രവര്‍ത്തനം സുതാര്യമാവുന്നതിന് കടുത്ത നടപടികള്‍ വേണമെന്ന ആവശ്യവുമായി ഇതിനു മുമ്പും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളില്‍ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആയവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് 2017 നവംബറില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it