Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ഭാഗവതിനെ മല്‍സരിപ്പിക്കില്ലെന്ന് പ്രതിപക്ഷത്തോട് ബിജെപി

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ഭാഗവതിനെ മല്‍സരിപ്പിക്കില്ലെന്ന് പ്രതിപക്ഷത്തോട് ബിജെപി
X


ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ മല്‍സരിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചകള്‍ക്കിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയെയും സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയെയുമാണ് ഇക്കാര്യം ബിജെപി അറിയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡുവും രാജ്‌നാഥ് സിങും അടങ്ങുന്ന സമിതി കഴിഞ്ഞദിവസം ഇരുവരുമായും വെവ്വേറെ ചര്‍ച്ചനടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ മോഹന്‍ഭാഗവതിനെ സ്ഥാനാര്‍ഥിയാക്കുന്നതു സംബന്ധിച്ച ആശങ്ക ഉന്നയിച്ചപ്പോഴാണ് ആര്‍എസ്എസ് നേതാക്കള്‍ മല്‍സരിക്കാനില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചത്. സോണിയാഗാന്ധിയുമായും ഇരുവരും ചര്‍ച്ച നടത്തി. വെള്ളിയാഴ്ച സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയാണ് സിപിഐ നേതൃത്വവുമായി നായിഡുവും രാജ്‌നാഥും കൂടിക്കാഴ്ച നടത്തിയത്. മോഹന്‍ ഭാഗവതിനെ മല്‍സരിപ്പിക്കരുതെന്ന്  സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. മതേതര, ജനാധിപത്യ നിലപാടുള്ളവരെ മാത്രമേ രാഷ്ട്രപതിസ്ഥാനത്തേക്ക് അംഗീകരിക്കാനാവൂ.  ഇത് ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണ്. അതിനാല്‍, എല്ലാവര്‍ക്കും സ്വീകാര്യമായ വ്യക്തിയെ മല്‍സരിപ്പിക്കണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. രാഷ്ട്രപതി സ്ഥാനാര്‍ഥി മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളായിരിക്കണമെന്ന് സിപിഐ നേതാവ് ഡി രാജയും പറഞ്ഞു. ഇതിനുള്ള മറുപടിയില്‍ ആര്‍എസ്എസ് നേതാക്കള്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാറില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതായി സുധാകര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തുടര്‍ന്ന് സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട് എന്നിവരെയും കേന്ദ്രമന്ത്രിമാര്‍ കണ്ടു. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ വിശ്വാസിയായിരിക്കണം സ്ഥാനാര്‍ഥിയെന്ന് സിപിഎം നേതാക്കളും ആവശ്യപ്പെട്ടു. അണ്ണാ ഡിഎംകെ നേതാവ് എം തമ്പിദുരൈ, ബിഎസ്പി നേതാവ് മായാവതി എന്നിവരുമായി പിന്നീട് വെങ്കയ്യ നായിഡു ടെലിഫോണില്‍ സംസാരിച്ചു. എന്‍ഡിഎയുടെ സാധ്യതാപട്ടികയില്‍ ഇ ശ്രീധരന്‍, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ജാര്‍ഖണ്ഡ് ഗവര്‍ണറും ബിജെപിയുടെ ദലിത് മുഖങ്ങളിലൊന്നുമായ ദ്രുപതി മുര്‍മു, നടന്‍ രജനീകാന്ത്, കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെഹ്‌ലോട്ട് തുടങ്ങിയവരാണുള്ളത്. എന്നാല്‍, താന്‍ മല്‍സരിക്കാനില്ലെന്ന് സുഷമ അറിയിച്ചിട്ടുണ്ട്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസ്സില്‍ മുന്‍തൂക്കം. എന്നാല്‍, പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ക്ക് ഇതിനോട് യോജിപ്പില്ല. ഇടതുപക്ഷത്തിനും തൃണമൂലിനും താല്‍പര്യം ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയിലാണ്. ഇതിനോട് കോണ്‍ഗ്രസ്സിനും എതിര്‍പ്പില്ല.  പവാര്‍,  ശരത് യാദവ് എന്നിവരുടെ പേരുകളും പ്രതിപക്ഷനിരയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഈമാസം 28ന് അവസാനിക്കും.
Next Story

RELATED STORIES

Share it