Flash News

രാഷ്ട്രപതിയുടെ ഇഫ്താര്‍: കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ബഹിഷ്‌കരിച്ചു

രാഷ്ട്രപതിയുടെ ഇഫ്താര്‍: കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ബഹിഷ്‌കരിച്ചു
X


ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ അവസാന ഇഫ്താര്‍ വിരുന്നില്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പങ്കെടുത്തില്ല. എന്നാല്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒഴികെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ വിരുന്നിനെത്തി. അടുത്തമാസം, കാലാവധി അവസാനിക്കാനിരിക്കെയാണ് റമദാന്‍ 27ന് പ്രണബ് രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഗുലാംനബി ആസാദ്, മുഹ്‌സിനാ കിദ്വായ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മേധാവി സിറാജുദ്ദീന്‍ ഖുറേശി, നടന്‍ ആമിര്‍ റാസ ഹുസയ്ന്‍ തുടങ്ങിയവരും പങ്കെടുത്തു. ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും ഇഫ്താര്‍ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചില്ലെങ്കിലും വിരുന്നില്‍ പങ്കെടുത്തവരാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രമന്ത്രിമാരോ സര്‍ക്കാരിന്റെ ഏതെങ്കിലും പ്രതിനിധിയോ ബിജെപി നേതാക്കളോ ആരും വന്നില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഷങ്ങളായി രാഷ്ട്രപതിഭവനില്‍ നടക്കുന്ന ഇഫ്താര്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും ബിജെപിയും ചടങ്ങ് ബഹിഷ്‌കരിച്ചത് സമാജ്‌വാദിപാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ എംപിയും പ—റഞ്ഞു. ഇഫ്താറിനു വരുന്ന കേന്ദ്രമന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കുമായി സീറ്റുകളും രാഷ്ട്രപതിഭവനില്‍ തയ്യാറാക്കിയിരുന്നു. അതേസമയം, താന്‍ ചടങ്ങിന് പോവാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി അടിയന്തരമായി ചേര്‍ന്നതിനാല്‍ ഇഫ്താറിനു വരാനായില്ലെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.മോദി അധികാരത്തിലേറിയ ശേഷമെത്തിയ നാലാമത്തെ റമദാനാണ്. എന്നാല്‍, ഒരുതവണപോലും അദ്ദേഹം ഇഫ്താര്‍ നടത്തുകയോ  വിരുന്നില്‍ പങ്കെടുക്കുകയോ ചെയ്തില്ല.
Next Story

RELATED STORIES

Share it