kannur local

രാമന്തളി അഴിമുഖം വിദഗ്ധ സംഘം സന്ദര്‍ശിച്ചു

പഴയങ്ങാടി: രാമന്തളി അഴിമുഖത്ത് മണ്ണടിയുന്നതുമൂലം മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച് രണ്ടു പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ ആലോചന. ഇതിന്റെ സാധ്യത ആരായുന്നതിന്റെ ഭാഗമായി ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഇറിഗേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് അനില്‍കുമാര്‍, ബേപ്പൂര്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി ജയദീപ് എന്നിവര്‍ പുഴയുടെ ആഴമളന്ന് പഠനം നടത്തി.
സംഘം വിദഗ്ധ സമിതിക്ക് മുമ്പാകെ വയ്ക്കാനുള്ള റിപോര്‍ട്ട് ഒരാഴ്ചക്കകം എംഎല്‍എക്ക് കൈമാറും. എംഎല്‍എ ഫിഷറീസ് മന്ത്രിയെ സന്ദര്‍ശിച്ച് റിപോര്‍ട്ട് അവതരിപ്പിക്കും. വിദഗ്ധ സമിതിയാവും പുലിമുട്ടിന്റെ സാധ്യതയെക്കുറിച്ചും വിശദപഠനത്തിന്റെ ആവശ്യകതയും തീരുമാനിക്കുക. പുലിമുട്ട് നിലവില്‍ വന്നാല്‍ ചൂട്ടാടും രാമന്തളിയിലും മല്‍സ്യബന്ധന ബോട്ട് അടുപ്പിക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാവും. നിലവില്‍ പാലക്കോട് മല്‍സ്യബന്ധന തുറുമുഖത്തില്‍ രൂപപ്പെട്ട മണല്‍ത്തിട്ട കാരണം തൊഴിലാളികള്‍ ദുരിതത്തിലാണ്. വേലിയേറ്റ സമയത്തു മാത്രമാണ് തൊഴിലാളികള്‍ക്കു കടലില്‍ പോവാന്‍ കഴിയുന്നത്.
മല്‍സ്യം ധാരാളമായി കിട്ടുന്ന സന്ധ്യാസമയങ്ങളില്‍ കടലില്‍ പോകാനാവുന്നില്ല. ഇതുകാരണം മീന്‍പിടിക്കാന്‍ പോവുന്ന വലിയ ബോട്ടുകള്‍ കരയില്‍നിന്ന് കുറേ അകലെയാണ് നങ്കൂരമിടുക. അവിടെനിന്ന് ചെറിയ ഫൈബര്‍ വള്ളങ്ങളിലായാണ് തൊഴിലാളികള്‍ മീന്‍പിടിക്കാനായി പോവുന്നതും തിരിച്ചുവരുന്നതും. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പുതിയങ്ങാടി ചൂട്ടാടെ അഴിമുഖത്തെ മണ്‍തിട്ടയില്‍ വള്ളംതട്ടി മറിഞ്ഞ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it