രാമക്ഷേത്രം: ബിജെപിയെ വെല്ലുവിളിച്ച് എസ്പി

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി)യുടെ വെല്ലുവിളി.
സ്ഥലത്ത് ഒരു കല്ല് പോലും ഇളക്കാനോ പുതിയത് സ്ഥാപിക്കാനോ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് എസ്പി എംഎല്‍സി ബുക്കര്‍ നവാബ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം തുടങ്ങാന്‍ ധൈര്യം കാണിക്കുന്നുവെങ്കില്‍ ബിജെപിക്ക് 10 ലക്ഷം രൂപയും സ്വര്‍ണ കിരീടവും ഉപഹാരം നല്‍കും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപി രാമക്ഷേത്ര വിഷയം വീണ്ടും വലിച്ചിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ജനങ്ങളില്‍ അനുകൂല തരംഗം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കാബിനറ്റ് മന്ത്രി ശിവ്പാല്‍ യാദവും പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലം അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കും. ഒരു കല്ലുപോലും സ്ഥാപിക്കാനോ എടുത്തുമാറ്റാനോ അനുവദിക്കുകയില്ല. ഗോവധം വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന ബിജെപിയുടെ അണികള്‍ തന്നെയാണ് പശുക്കളെ അറുത്ത് വില്‍പന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it