wayanad local

രാത്രിയാത്രാ നിരോധനം; വിദഗ്ധ സമിതി ഉന്നതഉദ്യോഗസസ്ഥനെ തീരുമാനിച്ചു

കല്‍പ്പറ്റ: രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിര്‍ദേശ പ്രകാരം കേരളത്തില്‍ നിന്നുള്ള വിദഗ്ധ സമിതി അംഗത്തെ തീരുമാനിച്ചു. ഗതാഗത വകുപ്പിലെ ഉന്നതോദ്യോഗസ്ഥനെയാണ് ഇതിനായി നിയോഗിച്ചതെന്നാണ് വിവരം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള സമിതി അംഗങ്ങളെ കൂടി തിരഞ്ഞെടുത്താല്‍ ഒരുമാസത്തിനകം ഉന്നതതല യോഗം ചേരാനാണ് തീരുമാനം. മൂന്നുമാസത്തിനകം കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കും. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനമേഖലയ്ക്ക് ആഘാതമുണ്ടാക്കാത്ത ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. 2010ലെ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള രാത്രിയാത്രാ നിരോധനത്തിനെതിരേ കേരള സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന നടപടി. വനമേഖലയിലൂടെയുള്ള രാത്രിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സമിതി. 2016 ജനുവരിയില്‍ മാറ്റിവച്ച കേസ് രണ്ടുവര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ജനുവരി 10നാണ് വീണ്ടും പരിഗണിച്ചത്. വിദഗ്ധസമിതിയെ വയ്ക്കാമെന്ന നിര്‍ദേശം കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് മുന്നോട്ടുവച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം, സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായിരുന്നു. ദേശീയപാത 766ല്‍ വനമേഖലയിലൂടെ കടന്നുപോവുന്ന ഭാഗത്ത് രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് ഗതാഗത നിരോധനം. കോഴിക്കോട് നിന്നു വയനാട് വഴി ബംഗളൂരുവിലേക്ക് പോവാന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പാതയാണിത്. രാത്രി ഒമ്പതിനു മുമ്പ് വനമേഖല കടന്നില്ലെങ്കില്‍ രാവിലെ ആറുവരെ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്. ഏകദേശം 20 കിലോമീറ്ററാണ് വനമേഖലയിലൂടെ കടന്നുപോവുന്നത്. ഇതിനു ബദല്‍പാത സാധ്യമാണോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമിതി പരിശോധിക്കണം. പൊതുജനങ്ങളുടെ പരാതിയും സമിതി പരിഗണിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it