രാജ്യസഭാ സീറ്റ് കൈമാറ്റം: പി ജെ കുര്യന് കാര്യങ്ങള്‍ മനസ്സിലായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം/നെടുമ്പാശ്ശേരി: രാജ്യസഭാ സീറ്റ് സംബന്ധിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണു പി ജെ കുര്യന്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പി ജെ കുര്യനെതിരേ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. താന്‍ പരാതി പറയുകയാണെങ്കില്‍ അത# കോണ്‍ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസ്സിലാവും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവുമേയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'1980 മുതല്‍ പി ജെ കുര്യന്‍ മല്‍സരിച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി ഞാനും ഒപ്പമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലും സജീവമായി ഒപ്പംനിന്നു. ആദ്യമായി കുര്യന്‍ രാജ്യസഭയിലേക്കു പോവുമ്പോള്‍ നല്‍കിയ സീറ്റ് സത്യത്തില്‍ കേരള കോണ്‍ഗ്രസ്സിന് അവകാശവാദം ഉന്നയിക്കാവുന്നതായിരുന്നു. എന്നാല്‍ അവര്‍ക്ക് അടുത്ത തവണ നല്‍കാമെന്നു പറഞ്ഞ് ആ സീറ്റ് പി ജെ കുര്യനു നല്‍കിയത് ഞാനാണ്. 2012ല്‍ കുര്യനോടു മാറിനില്‍ക്കണമെന്നു പറഞ്ഞത് സത്യമാണ്.
പകരം മലബാറില്‍ നിന്നുള്ള ഒരു നേതാവിന്റെ പേരു കൊടുക്കണമെന്നു പറഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോവാന്‍ കൂട്ടായി എടുത്ത തീരുമാനമാണു കേരള കോണ്‍ഗ്രസ്സിന് സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്. സീറ്റ് കൈമാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇപ്പോഴത്തെ പ്രതിഷേധം. ഇത്തരത്തില്‍ സീറ്റ് നല്‍കുന്നതുകീഴ്വഴക്കമാക്കില്ല, ഒറ്റത്തവണത്തേക്കുള്ള വിട്ടുവീഴ്ചയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, 2012ല്‍ ആദ്യമായി തന്റെ സ്ഥാനാര്‍ഥിത്വം വന്നപ്പോള്‍ മാത്രമാണു മലബാറില്‍ നിന്നൊരാള്‍ വേണമെന്ന് ഉമ്മന്‍ചാണ്ടിക്ക് തോന്നിയതെന്നു പി ജെ കുര്യന്‍. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിവിരോധം വച്ച് ഉമ്മന്‍ചാണ്ടിയാണ് ഇതിന് പിന്നില്‍ കളിച്ചത്. 2012ലും സമാനമായ രീതിയില്‍ തനിക്ക് സീറ്റ് നല്‍കുന്നതിനെതിരേ ഉമ്മന്‍ചാണ്ടി കളിച്ചിരുന്നു. അന്ന് എ കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണു തന്നെ പിന്തുണച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുര്യന്‍ ആരോപിച്ചു. സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിട്ടുപോകുമെന്നു പറഞ്ഞ് സംസ്ഥാന നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചു.
ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച ഉമ്മന്‍ചാണ്ടിക്കെതിരേ കേന്ദ്രനേതൃത്വത്തെ നേരില്‍ക്കണ്ട് സത്യാവസ്ഥ ബോധിപ്പിക്കും. തന്നെ പുറത്താക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഉദ്ദേശ്യം. താന്‍ പ്രായമുള്ള നേതാവാണെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി ശിഷ്യന്‍മാരെ ഇറക്കി കളിക്കുകയായിരുന്നു. എന്നാല്‍, താനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ രണ്ടോ, മൂന്നോ വയസ്സിന്റെ വ്യത്യാസമേയുള്ളൂവെന്നും കുര്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it