രാജ്യസഭാ സീറ്റ്: ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് കുര്യന്‍; വീഴ്ച ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സി(എം)ന് നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് വിട്ടുനല്‍കിയ തീരുമാനത്തില്‍ പോരായ്മ ഉണ്ടായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസനും പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു ഏറ്റുപറച്ചില്‍. മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടിയാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ അവകാശപ്പെട്ടു. ഇനി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നു മാത്രമേ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ പി ജെ കുര്യനും വി എം സുധീരനും ഉമ്മന്‍ചാണ്ടിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഇതിനെ പ്രതിരോധിച്ച് എ ഗ്രൂപ്പ് നേതാക്കളും നിലയുറപ്പിച്ചതോടെ യോഗം  പ്രക്ഷുബ്ധമായി. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന പി ജെ കുര്യന്റെ ചോദ്യത്തോട് എ ഗ്രൂപ്പ് നേതാക്കള്‍ ഒന്നടങ്കം ഉണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു. ഉമ്മന്‍ചാണ്ടി വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹനാനും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പി സി വിഷ്ണുനാഥും പറഞ്ഞു.
രാജ്യസഭാ സീറ്റ് മാണിക്കു വിട്ടുനല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എഐസിസി അന്വേഷിക്കുകയാണെങ്കില്‍ തെളിവു നല്‍കാന്‍ താന്‍ തയ്യാറാണ്. പാലായില്‍ യുഡിഎഫ് നേതാക്കള്‍ കെ എം മാണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ഗ്രൂപ്പ് നേതാക്കന്‍മാര്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ എല്ലാമായോ എന്നായിരുന്നു വി എം സുധീരന്റെ ചോദ്യം.
ചെന്നിത്തലയെ അനുകൂലിച്ചാണ് പി സി ചാക്കോ യോഗത്തില്‍ സംസാരിച്ചത്. ഹൃദയവേദനയോടെയാണ് ചെന്നിത്തല സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം അംഗീകരിച്ചതെന്ന് ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മൂന്നംഗ കോക്കസാണെന്ന് കെ വി തോമസും ഷാനിമോള്‍ ഉസ്മാനും ആരോപിച്ചു.
ഘടകകക്ഷികള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് എം ലിജു നടത്തിയത്. കോണ്‍ഗ്രസ് നന്നാവണമെന്ന് ആഗ്രഹമുള്ളവരല്ല ഘടകകക്ഷികള്‍. ലീഗും മാണി കോണ്‍ഗ്രസുമല്ല കോണ്‍ഗ്രസ്സിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും ലിജു പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ്സില്‍ പരസ്യപ്രസ്താവനകള്‍ക്കു വിലക്കേര്‍പ്പെടുത്തി. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണം. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ അച്ചടക്കനടപടി സ്വീകരിക്കാനും രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it