Flash News

രാജ്യസഭയിലേക്കു വീണ്ടും മല്‍സരിക്കാനില്ലെന്ന് യെച്ചൂരി



ന്യൂഡല്‍ഹി: രാജ്യസഭയിലേക്കു വീണ്ടും മല്‍സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്കു മല്‍സരിപ്പിക്കരുതെന്ന പാര്‍ട്ടി നയം നടപ്പാക്കേണ്ട ജനറല്‍ സെക്രട്ടറി തന്നെ ഈ നയം മറികടക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരുകയാണ് പാര്‍ട്ടിയുടെ നയം. പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കാന്‍ കൂടുതല്‍ സമയം നീക്കിവയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറല്‍ സെക്രട്ടറി രാജ്യസഭയിലേക്കു മല്‍സരിക്കുന്നതിനെതിരേ പാര്‍ട്ടിയിലെ പ്രകാശ് കാരാട്ട് വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതാണ് യെച്ചൂരിയുടെ പിന്മാറ്റത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ഈ വര്‍ഷം ആഗസ്ത് 18നാണ് യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുക. യെച്ചൂരി വീണ്ടും മല്‍സരിച്ചാല്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. ബംഗാള്‍ നിയമസഭയില്‍ ന്യൂനപക്ഷമായ സിപിഎമ്മിന് രാജ്യസഭയിലേക്ക് ഒരംഗത്തെ തിരഞ്ഞെടുത്ത് അയക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ അനിവാര്യമാണ്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് എത്തുന്നതിനോട് പ്രകാശ് കാരാട്ട് പക്ഷം ശക്തമായി വിയോജിപ്പ് അറിയിച്ചിരുന്നു. അതേസമയം, ബംഗാള്‍ ഘടകമോ കേന്ദ്ര കമ്മിറ്റിയോ വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്നാണ് യെച്ചൂരി വിഭാഗം വ്യക്തമാക്കിയിരുന്നത്.
Next Story

RELATED STORIES

Share it