Flash News

രാജ്യത്ത് ബീഫ് നിരോധിച്ചിട്ടില്ല : കേന്ദ്രമന്ത്രി



കൊച്ചി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ബീഫ് നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഔദ്യോഗിക പരിപാടികള്‍ക്കായി കൊച്ചിയിലെത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലിച്ചന്തകള്‍ വഴിയുള്ള മാംസക്കച്ചവടമാണ് സര്‍ക്കാര്‍ നിരോധിച്ചത്. കാലിച്ചന്തകള്‍ കന്നുകാലികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും മാത്രമാണ് ഉപയോഗിക്കേണ്ടത്. അവിടെ കശാപ്പ് നടത്തുന്നത് നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പശുവിനെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ഭരണഘടനയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യസ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല. ഏത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ഓരോ പൗരനുമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തമബോധ്യമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ മനപ്പൂര്‍വം വളച്ചൊടിക്കുന്നവരാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഫെഡറല്‍ ഭരണം കാഴ്ചവയ്ക്കുന്നുണ്ടെന്ന് മേനിപറയുന്ന പിണറായി വിജയന്‍ സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ തടയുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ നിന്നുതന്നെയാണ് ബിജെപിക്ക് ഏറെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നതെന്നും ജനാധിപത്യമൂല്യങ്ങളെ ഏറെ ബഹുമാനിക്കുന്ന കേരളത്തിന്റെ മണ്ണില്‍ സിപിഎം നടത്തുന്നത് ഏകാധിപത്യഭരണമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷം രാജ്യത്തെ സംബന്ധിച്ച് പുരോഗതിയുടെ നാളുകളായിരുന്നു. ലോകത്തെ സാമ്പത്തികശക്തിയായി മാറിയത് മാത്രമല്ല, അഴിമതിരഹിതഭരണം കാഴ്ചവയ്ക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഐടി മേഖലയില്‍ വരുംവര്‍ഷങ്ങളില്‍ ആറുലക്ഷത്തില്‍പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാക്കനാട് ഇലക്‌ട്രോണിക് നിര്‍മാണ യൂനിറ്റ് തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it