Flash News

രാജു നാരായണസ്വാമിയെയും ബിജു പ്രഭാകറിനെയും മാറ്റി



തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ഐഎഎസ് പോരിനൊടുവില്‍ ഉദ്യോഗസ്ഥര്‍ക്കു സ്ഥാനചലനം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയെയും കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെയുമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തല്‍സ്ഥാനത്തുനിന്നു മാറ്റിയത്. പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ടിക്കാറാം മീണയെ നിയമിച്ചു. അതേസമയം, കൃഷി വകുപ്പ് ഡയറക്ടറായി ആരെയും പകരം നിയമിച്ചിട്ടില്ല. തല്‍സ്ഥാനത്തുനിന്നു മാറ്റിയ ഇരുവര്‍ക്കും മറ്റേതെങ്കിലും വകുപ്പില്‍ നിയമനം നല്‍കിയിട്ടുമില്ല. രാജു നാരായണസ്വാമിയെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിനാലും ബിജു പ്രഭാകറിന്റെ അവധി അപേക്ഷ പരിഗണിച്ചുമാണ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, കഴിഞ്ഞ ദിവസം ഇരുവരും പരസ്യ വാക്‌പോര് നടത്തിയിരുന്നു. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നായിരുന്നു രാജു നാരായണസ്വാമിയുടെ ആരോപണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ദീര്‍ഘനാളത്തെ അവധിക്ക് കത്തു നല്‍കിയാണ് ബിജു പ്രഭാകര്‍ പ്രതിഷേധിച്ചത്.  കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനു കെഎപി ബറ്റാലിയനില്‍നിന്ന് 138 പോലിസുകാരെ പരിശീലനം നല്‍കി വിന്യസിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച  ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കും. പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കാനും യോഗം  തീരുമാനിച്ചു.
Next Story

RELATED STORIES

Share it