Flash News

രാജീവ് വധക്കേസ് : ഇടക്കാല ഉത്തരവുകള്‍ക്ക് എതിരേ ഹൈക്കോടതി



കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതികള്‍ അന്വേഷണത്തെയും പ്രതിയുടെ അറസ്റ്റിനെയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതി. ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ആദ്യം പരിഗണിച്ച സിംഗിള്‍ബെഞ്ച് ഒക്‌ടോബര്‍ മൂന്നിന് അന്വേഷണം തടസ്സപ്പെടുത്തുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. മുന്‍കൂര്‍ ജാമ്യ ഹരജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി, സെഷന്‍സ് കോടതികള്‍ എന്നിവ ഒന്നുകില്‍ ഹരജി തള്ളുകയോ അല്ലെങ്കില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയോ ആണ് വേണ്ടതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ജാമ്യമില്ലാത്ത കുറ്റം ചെയ്ത പ്രതി മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇടക്കാല ഉത്തരവുണ്ടോയെന്ന് പോലിസും അന്വേഷണം തടസ്സപ്പെടുത്തുന്ന  ഉത്തരവ് നല്‍കുന്നില്ലെന്ന് കോടതികളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം തുടരാമെന്നും അറസ്റ്റ് തടയുകയാണ് ചെയ്തതെന്നും ഒക്‌ടോബര്‍ 16ന് ഇതേ ബെഞ്ച് വ്യക്തത വരുത്തിയ ശേഷം മാത്രമാണ് അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയത്. ഈ ബെഞ്ച് പിന്‍മാറിയതിനെ തുടര്‍ന്ന് മറ്റൊരു ബെഞ്ചാണ് വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. രാജീവ് വധക്കേസില്‍ പ്രതികള്‍ തമ്മിലുള്ള മൊബൈല്‍ ഫോണ്‍ കോള്‍ രേഖകളാണ് പ്രോസിക്യൂഷന്റെ പ്രധാന തെളിവുകള്‍.
Next Story

RELATED STORIES

Share it