രാജീവ് വധം: അഡ്വ.ഉദയഭാനുവിന് ജാമ്യം

കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിലെ ഏഴാം പ്രതി അഡ്വ. സി പി ഉദയഭാനുവിനും അഞ്ച്, ആറ് പ്രതികളായ ചക്കരജോണിക്കും രഞ്ജിത്തിനും ഹൈക്കോടതി കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും ശനിയാഴ്ച്ചയും രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാവണം, കേസിലെ അന്തിമ റിപോര്‍ട് സമര്‍പ്പിക്കുന്നത് വരെ കുറ്റകൃത്യം നടന്ന തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട് മജിസ്‌ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിക്കണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍. കേസില്‍ നവംബര്‍ ഒന്നിന് അറസ്റ്റിലായ ഉദയഭാനുവിന് ഭാര്യാപിതാവ് മരിച്ചതിനാല്‍ കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. അഞ്ചും ആറും പ്രതികള്‍ 77 ദിവസമായി റിമാന്‍ഡിലാണ്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും നാല് സാക്ഷികളുടെ കൂടി മൊഴി രേഖപ്പെടുത്താന്‍ കീഴ്‌ക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പുതിയ സാക്ഷികളെയും മറ്റും കൊണ്ട് വന്ന് പ്രോസിക്യൂഷന്‍ അന്വേഷണം വൈകിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
Next Story

RELATED STORIES

Share it