രാജിവയ്ക്കാന്‍ യെദ്യൂരപ്പയുടെ ജീവിതം പിന്നെയും ബാക്കി

ബംഗളൂരു: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരാജയം പ്രവചിച്ചപ്പോഴും കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച നേതാവാണ് യെദ്യൂരപ്പ. തന്റെ മുഖ്യമന്ത്രി സ്ഥാനാരോഹണ തിയ്യതി വരെ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രഖ്യാപിച്ചിരുന്നു. പ്രവചനം അന്വര്‍ഥമാക്കി പറഞ്ഞ തിയ്യതിക്ക് തന്നെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. എന്നാല്‍, യെദ്യൂരപ്പയുടെ ഒടുവിലത്തെ മുഖ്യമന്ത്രി പദവിയുടെ ആയുസ്സ് കേവലം രണ്ടു ദിവസം മാത്രമായിരുന്നു.
ആദ്യമായല്ല, മുഖ്യമന്ത്രിക്കസേരയില്‍ ചുവടുറപ്പിക്കും മുമ്പെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവരുന്നത്. 2007ലായിരുന്നു ആദ്യമായി അധികാരം വിട്ടൊഴിയേണ്ടിവന്നത്. ധരംസിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ ജെഡിഎസ്-ബിജെപി സഖ്യം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കി. പകുതിക്കാലം കുമാരസ്വാമി മുഖ്യമന്ത്രി എന്നതായിരുന്നു കരാര്‍. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറി. ഇതോടെ, ഏഴു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദ്യൂരപ്പയുടെ സര്‍ക്കാര്‍ താഴെവീണു.
2008ല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ഖനി അഴിമതി ആരോപണങ്ങളാണ് യെദ്യൂരപ്പയ്ക്ക് പാരയായത്.
ഖനി അഴിമതിയില്‍ യെദ്യൂരപ്പയുടെ പങ്ക് ലോകായുക്ത റിപോര്‍ട്ട് വഴി പുറത്തുവന്നതോടെ യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. 2011ലും ഇതുതന്നെ ആവര്‍ത്തിച്ചു. ഭൂമി കുംഭകോണവും ഖനി അഴിമതിയും ഇത്തവണ യെദ്യൂരപ്പയ്ക്ക് പണികൊടുത്തു.
2011 ജൂലൈ 31ന് യെദ്യൂരപ്പ രാജിവച്ചു. രാജിവച്ചതോടെ യെദ്യൂരപ്പ ബിജെപിയുമായി ഒരു ദശാബ്ദം നീണ്ട ബന്ധം അവസാനിപ്പിക്കുകയും കര്‍ണാടക ജനത പക്ഷ (കെജെപി) രൂപീകരിക്കുകയും ചെയ്തു. 2014 ജനുവരിയി—ല്‍ കെജെപി ബിജെപിയില്‍ ലയിക്കുകയും തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 19 സീറ്റില്‍ ബിജെപി വിജയിക്കുകയും ചെയ്തു. 2016 ഒക്ടോബര്‍ 26ന് 40 കോടിയുടെ അനധികൃത ഖനന കേസില്‍ അദ്ദേഹത്തെയും രണ്ടു മക്കളെയും മരുമകനെയും വെറുതെവിട്ടു.
തുടര്‍ന്നാണ് 2018ല്‍ 104 സീറ്റ് നേടി ബിജെപി കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതും. എന്നാല്‍, ഇത്തവണ കേവല ഭൂരിപക്ഷം നേടാനാവാതെ നാണം കെട്ട് പടിയിറങ്ങേണ്ടിവന്നു.
Next Story

RELATED STORIES

Share it