രാജസ്ഥാന്‍ വിവാദ ഓര്‍ഡിനന്‍സ് അസാധുവായി

ജയ്പൂര്‍: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണം തടയുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ക്രിമിനല്‍ ഭേദഗതി നിയമം അസാധുവായി. വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സപ്തംബര്‍ ആറിനാണ് ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 22ന് ഇതുമായി ബന്ധപ്പെട്ട് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു.  എന്നാല്‍, കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ബില്ല് സര്‍ക്കാര്‍ നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് 42 ദിവസത്തെ കാലാവധിയാണുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അതിന്റെ കാലാവധി കഴിഞ്ഞു. നിയമപരമായി ഓര്‍ഡിനന്‍സ് നിലവിലില്ലെന്ന് മുതിര്‍ന്ന മന്ത്രിയും സെലക്ട് കമ്മിറ്റി ചെയര്‍മാനുമായ ഗുലാബ് ചന്ദ് കതാരിയ അറിയിച്ചു. ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഭേദഗതികളോടെ പുതിയ ഓര്‍ഡിനന്‍സ് അവതരിപ്പിക്കണമോ വേണ്ടയോ എന്ന് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ സെലക്ട് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കും. ഈ മാസം 27നാണ് കമ്മിറ്റിയുടെ അടുത്ത യോഗം.  സംസ്ഥാനത്തെ സര്‍വീലിസുള്ളവരും വിരമിച്ചവരുമായ ജഡ്ജിമാര്‍, മജിസ്‌ട്രേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേ മുന്‍കൂര്‍ അനുമതിയില്ലാതെ അന്വേഷണം നടത്തുന്നത് തടയുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ അവ സംബന്ധിച്ച് റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it