രാജന്‍ ബാബുവിനെതിരായ നടപടി അടുത്തയാഴ്ച തീരുമാനിക്കും

തിരുവനന്തപുരം: വിഭാഗീയത രൂക്ഷമായതോടെ ജെഎസ്എസ് രാജന്‍ ബാബു വിഭാഗത്തിന്റെ പിളര്‍പ്പും യുഡിഎഫില്‍ നിന്നുള്ള പുറത്താക്കലും ഉറപ്പായി. വിവാദപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ വെള്ളാപ്പള്ളിയെ സഹായിച്ച ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പ്രതികരിച്ചു. വിഷയത്തില്‍ രാജന്‍ബാബുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പി പി തങ്കച്ചന്‍ നടപടി അടുത്തയാഴ്ച തീരുമാനിക്കുമെന്നും അറിയിച്ചു.

പാര്‍ട്ടിക്കുള്ളിലെ കനത്ത ഭിന്നതയ്ക്കിടെ ജെഎസ്എസ് യോഗം ശനിയാഴ്ച കൊച്ചിയില്‍ ചേരും. ഈ യോഗത്തിലെ തീരുമാനത്തിനു വേണ്ടിയാണ് യുഡിഎഫ് കാത്തിരിക്കുന്നത്. ജെഎസ്എസ്സിനെ യുഡിഎഫില്‍ നിന്നു പുറത്താക്കട്ടെയെന്നാണ് രാജന്‍ ബാബുവിന്റെ നിലപാട്. വിഷയത്തില്‍ വിശദീകരണം കൊടുത്തിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും രാജന്‍ ബാബു പ്രതികരിച്ചു. യുഡിഎഫില്‍ നിന്നു പുറത്തു പോവാമെന്ന നിര്‍ദേശം ജെഎസ്എസ്സിലെ ചില നേതാക്കളെ രാജന്‍ബാബു അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു ഈ നീക്കത്തിനെതിരാണ്. യുഡിഎഫിന് നിരുപാധികം പിന്തുണ നല്‍കുന്നുവെന്നും സഹകരിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കെ കെ ഷാജു യുഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കും.

ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ഷാജുവും അനുകൂലികളും പങ്കെടുക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യമെന്ന ഒറ്റ അജണ്ടയില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭാരവാഹികളുടെയും യോഗമാണ് കൊച്ചിയില്‍ വിളിച്ചത്. പിളര്‍പ്പ് ഉറപ്പായെങ്കിലും പുതിയ പാര്‍ട്ടി ഉണ്ടാക്കേണ്ടെന്നാണ് ഷാജുവിന്റെയും അനുകൂലികളുടെയും തീരുമാനം.അതേസമയം, ജെഎസ്എസ് രാജന്‍ ബാബു വിഭാഗത്തെ പൂര്‍ണമായും യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്നാണ് ആലപ്പുഴയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കെ കെ ഷാജു അടക്കമുള്ളവരുടെ നീക്കം കോണ്‍ഗ്രസ്സില്‍ ചേക്കേറാനാണെന്നാണ് ഇവരുടെ ആരോപണം. ജെഎസ്എസ്സിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിന് കത്ത് നല്‍കും.
Next Story

RELATED STORIES

Share it