Idukki local

രാജധാനി ലോഡ്ജ് കൂട്ടക്കൊല; വിധി ഇന്ന്

സ്വന്തം പ്രതിനിധി

അടിമാലി: തെളിവുകള്‍ അവശേഷിപ്പിക്കാതെ മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തി മോഷണം നടത്തിയ അടിമാലി കൂട്ടക്കാല നടന്ന് 34 മാസം പിന്നിടുമ്പോള്‍ തന്നെ കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കി ഇന്ന് വിധി പറയും. 2015 ഫെബ്രുവരി 12 രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി ടൗണ്‍ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ആയിഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 13ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302ാം നമ്പര്‍ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ചനിലയില്‍ മുറി പുറമെനിന്നും പൂട്ടിയ അവസ്ഥയിലുമായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം പോലിസ് കണ്ടെത്തിയത്. ആയിഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. കര്‍ണ്ണാടക, തുങ്കൂര്‍ സിറ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര23), ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകന്‍ മധു (രാജേഷ് ഗൗഡ23), സഹോദരന്‍ മഞ്ജുനാഥ് (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ മോഷണത്തിനു വേണ്ടിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികള്‍ പോലിസില്‍ സമ്മതിച്ചിരുന്നു. 19.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍, റാഡോ വാച്ച്, മൊബൈല്‍ഫോണ്‍ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവര്‍ച്ചയും നടത്തിയിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തെ സംബന്ധിച്ച് ആദ്യമണിക്കൂറുകളില്‍ അന്നത്തെ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലിസിന്റെ അന്വേഷണത്തില്‍ വിഴ്ച സംഭവിച്ചതായി ആരോപിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് അടിമാലിയില്‍ അരങ്ങേറിയത്. ഇതോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പി കെ ബി പ്രഭുല്ലചന്ദ്രന്‍, അടിമാലി സി ഐ സജി മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസിന്റെ ചുമതലയേല്‍പിച്ചു. ലോഡ്ജിലെ താമസക്കാരുടെ രജിസ്റ്ററുകള്‍ വരെ കീറിയാണ് പ്രതികള്‍ കടന്നു കളഞ്ഞത്. ലോഡ്ജിനു സമീപത്തെ പലചരക്കു വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികളുടേതെന്ന് തോന്നിക്കുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ മാത്രമാണ് പോലിസിന് ലഭിച്ചത്.   ഇതിനിടെ കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ആഴ്ചകളോളം അന്വേഷണം നടത്തി കേസിലെ രണ്ടാം പ്രതി മധുവിനെയും പിന്നീട് പിടികൂടിയതോടെ കേസില്‍ ഉള്‍പ്പെട്ട ആകെയുള്ള മൂന്നുപ്രതികളും ജയിലിലായി. സമയബന്ധിതമായി മോഷണംപോയ സ്വര്‍ണവും കണ്ടെടുത്ത് കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു.   നാളെ കോടതിയില്‍ കേസിന്റെ വിധി പ്രസ്താവിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ ശിക്ഷയും പ്രഖ്യാപിക്കും. കേസില്‍ ആകെയുണ്ടായിരുന്ന നൂറു സാക്ഷികളില്‍ 55 സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതില്‍ പ്രതികളുടെ ബന്ധുവായ അമ്മാവനും മറ്റൊരു സുഹൃത്തും മാത്രമാണ് പ്രതിഭാഗം ചേര്‍ന്ന് മൊഴിമാറ്റിയത്.  പ്രമാദമായ കേസിലെ വിധിക്കായി കേള്‍ക്കാനായ കാത്തിരിക്കുകയാണ് അടിമാലി മേഖലയിലെ ജനങ്ങള്‍ അടക്കമുള്ളവരും കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും ബന്ധുക്കള്‍.
Next Story

RELATED STORIES

Share it