Flash News

രാജകുടുംബത്തില്‍ വിയോജിപ്പ്; അറക്കലില്ലാതെ സിപിഎം മാപ്പിള കലാമേള

ബഷീര്‍  പാമ്പുരുത്തി
കണ്ണൂര്‍: മുസ്‌ലിംകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം നടത്തുന്ന മാപ്പിളകലാമേളയായ കണ്ണൂര്‍ സിറ്റി ഫെസ്റ്റില്‍ തുടക്കത്തിലേ കല്ലുകടി. അറയ്ക്കല്‍ രാജകുടുംബത്തിന്റെ വിയോജിപ്പു കാരണം ആദ്യം നിശ്ചയിച്ച പരിപാടികളില്‍ ചെറിയ മാറ്റംവരുത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. മെയ് ആറു മുതല്‍ 10 വരെ “ബഹ്‌റിന്റെ ഇഷ്‌ക്ക്, കണ്ണൂര്‍ സിറ്റി ഫെസ്റ്റ്-2018’’എന്ന പേരിലാണു കലാമേള നടത്തുന്നത്. കഴിഞ്ഞമാസം ആദ്യത്തിലാണ് ഇത്തരമൊരു പരിപാടി നടത്താന്‍ സിപിഎം നിയന്ത്രണത്തിലുള്ള എന്‍ അബ്ദുല്ല കള്‍ച്ചറല്‍ ഫോറവും മര്‍ഹബ സാംസ്‌കാരിക സമിതിയും തീരുമാനിച്ചത്.
മാപ്പിള കലകള്‍ക്കു പ്രാധാന്യം നല്‍കിയുള്ള പരിപാടിക്കു കണ്ണൂര്‍ സിറ്റിയെ തിരഞ്ഞെടുത്തപ്പോള്‍ തന്നെ കേരളത്തിലെ ഏക മുസ്‌ലിം രാജവംശം സ്ഥാപിക്കപ്പെട്ട അറയ്ക്കലിനു പ്രാധാന്യം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘാടക സമിതി അറക്കല്‍ കുടുംബാംഗവുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍, പരിപാടിയുടെ ലക്ഷ്യവും വിശദ വിവരങ്ങളുമടങ്ങിയ അപേക്ഷ അയക്കാന്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സംഘാടക സമിതി പരിപാടികളുടെ ഷെഡ്യൂളും വിശദാംശങ്ങളടങ്ങിയ നോട്ടീസിന്റെ കോപ്പിയും അയച്ചുനല്‍കി. ചരിത്രമുറങ്ങുന്ന അറക്കല്‍ രാജവംശത്തിന്റെ പെരുമ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താന്‍ എന്ന വരികളോടെയുള്ള കാര്യ പരിപാടികള്‍ അടങ്ങിയ അറക്കല്‍ പെരുമ കണ്ണൂര്‍സിറ്റി ഫെസ്റ്റ്-2018’എന്ന നോട്ടീസും തയ്യാറാക്കി.
ഇതില്‍ ആദ്യ പരിപാടിയായ ചേംബര്‍ ഹാള്‍ പരിസരത്തു നിന്നു തുടങ്ങുന്ന ഘോഷയാത്രയുടെ സമാപനം നിശ്ചയിച്ചത് അറക്കല്‍ പാലസ് ഗ്രൗണ്ടിലായിരുന്നു. 1000ത്തിലധികം വനിതകള്‍ അണിനിരക്കുന്ന പ്രധാന ആകര്‍ഷക ഇനമായ മെഗാ ഒപ്പനയും പൊതു സമ്മേളനവുമെല്ലാം ഇവിടെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുടുംബത്തിലേക്ക് അപേക്ഷ അയക്കേണ്ടതിനു പകരം വാട്‌സ് ആപ് വഴി അയച്ചതോടെ അറക്കല്‍ രാജകുടുംബത്തില്‍ ചര്‍ച്ചയായി. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുമായി പ്രത്യക്ഷമായി അനുഭാവമോ, എതിര്‍പ്പോ പ്രകടിപ്പിക്കാത്ത അറക്കല്‍ രാജകുടുംബം ഈ വിഷയത്തിലും ഇതേ നിലപാട് തുടരണമെന്നു കുടുംബാംഗങ്ങള്‍  തീരുമാനിച്ചു. ഇതുവരെയായി എംഇഎസിന്റെ ആദ്യ സമ്മേളനത്തിനും ഈദ്ഗാഹിനും മറ്റുമല്ലാതെ പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പോലും പരിപാടിക്ക് പാലസ് ഗ്രൗണ്ട് വിട്ടുനല്‍കിയിരുന്നില്ല.
ഇത്തവണ നല്‍കിയാല്‍ അതൊരു കീഴ്‌വഴക്കമാവുമോയെന്നും ഇതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നല്‍കേണ്ടിവരുമെന്നതും മുന്‍നിലപാട് തുടരാന്‍ നിര്‍ബന്ധിതമാക്കി. ഇക്കാര്യം സംഘാടക സമിതിയെ അറിയിച്ചതോടെ അവരും അത് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നു പാലസ് ഗ്രൗണ്ടില്‍ നടത്താനിരുന്ന മെഗാ ഒപ്പനയും പൊതുസമ്മേളനവും ആയിക്കര മാപ്പിള ബേ ഹാര്‍ബര്‍ ഗ്രൗണ്ടിലേക്കു മാറ്റുകയായിരുന്നു. പരിപാടിയുടെ പേരിലും ചെറിയ മാറ്റംവരുത്തി ബഹ്‌റിന്റെ ഇഷ്‌ക്, കണ്ണൂര്‍ സിറ്റി ഫെസ്റ്റ്-2018 എന്നാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദിവസേന പതിനായിരക്കണക്കിനു ആസ്വാദകരെ പ്രതീക്ഷിക്കുന്ന മാപ്പിള കലാമേള സിറ്റി മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലാമാമാങ്കമായി മാറുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it