Flash News

രഹസ്യ ഇമെയിലുകള്‍ പുറത്തായി ; ഖത്തറിനെതിരേ യുഎഇ-ഇസ്രായേല്‍ ഗൂഢാലോചന



ദോഹ: യുഎഇ നയതന്ത്രപ്രതിനിധി ഖത്തറിനെതിരേ പ്രചാരണം നടത്തുന്നതിന് ഇസ്രായേലുമായി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അമേരിക്കയിലെ യുഇഎ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇ-മെയിലുകള്‍ ചോര്‍ത്തിയ ഗ്ലോബല്‍ ലീക്‌സ് എന്ന ഹാക്കിങ് സംഘം ഇതുസംബന്ധമായ നിരവധി ഇ-മെയില്‍ ആശയവിനിമയങ്ങള്‍ പുറത്തുവിട്ടു. അല്‍ ഉതൈബയും ഇസ്രായേല്‍ അനുകൂല നവയാഥാസ്ഥിതിക ചിന്താ കേന്ദ്രമായ ഫൗ—ണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡമോക്രസീസും (എഫ്—ഡിഡി) തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ഇ-മെയിലുകള്‍. 2014 മുതലുള്ള ഇ-മെയിലുകളില്‍ എഫ്ഡിഡിയും യുഎഇയും തമ്മിലുള്ള രഹസ്യബന്ധം തെളിയിക്കുന്ന നിരവധി വിവരങ്ങളുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു. മേഖലാ, ആഗോള ശക്തിയെന്ന നിലയിലുള്ള ഖത്തറിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇ-മെയിലില്‍ ഉണ്ട്. ഖത്തറും കുവൈത്തും ഭീകരതയെ പിന്തുണയ്ക്കുന്നു എന്ന് ആരോപിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതിനു മാധ്യമപ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയതായും വ്യക്തമായി. ഖത്തറിനെതിരായ പ്രചാരണങ്ങളുടെ പിന്നില്‍ ആരാണെന്നാണ് ഇ-മെയിലുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഏജ് എഡിറ്റര്‍ ഇന്‍ ചീഫ് ഡേവിഡ് ഹേര്‍സ്റ്റ് പറഞ്ഞു. യുഎസ് ദേശീയ സുരക്ഷാ വൃത്തങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഉതൈബ. വാഷിങ്ടണിലെ ഏറ്റവും ആകര്‍ഷക വ്യക്തിത്വം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉതൈബ പ്രത്യേക ക്ഷണപ്രകാരം പെന്റഗണിന്റെ തന്ത്രപ്രധാന യോഗങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്. ജൂണ്‍ 11 മുതല്‍ 14 വരെ എഫ്ഡിഡിയും യുഎഇ സര്‍ക്കാരും തമ്മില്‍ നടക്കാനിരിക്കുന്ന യോഗത്തിന്റെ വിവരങ്ങളും ഇ-മെയിലുകളിലുണ്ട്. പ്രധാനമായും ഖത്തറാണ് യോഗത്തിലെ ചര്‍ച്ചാവിഷയം. ഖത്തര്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍ജസീറയും അതിന് മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധവും യോഗ അജണ്ടയിലുണ്ടെന്നും ഇ-മെയിലുകളില്‍ നിന്നു വ്യക്തമാവുന്നു. ഇറാനെതിരായ നീക്കങ്ങളും ഇ-മെയിലുകളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ചോര്‍ത്തപ്പെട്ട ഇ-മെയിലുകളെ പരാമര്‍ശിച്ച് നേരത്തേ ന്യൂയോര്‍ക്ക് ടൈംസും റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it