Second edit

രസഗുള, സമൂസ

നമ്മുടേതെന്നു നാം കരുതുന്ന പല പലഹാരങ്ങളും നമ്മുടേതായിരിക്കണമെന്നില്ല. ഈയിടെ രസഗുളയുടെ കാര്യത്തില്‍ വലിയ തര്‍ക്കം നടന്നിരുന്നു. ഒരുതരം പാല്‍ക്കട്ടിയും കടലപ്പൊടിയും പഞ്ചസാരയും ചേര്‍ന്ന ഉരുണ്ട രസഗുള തങ്ങളാണ് ആദ്യം കണ്ടുപിടിച്ചതെന്നും അത് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ നിവേദ്യമാണെന്നും ഒഡീഷക്കാര്‍ ശക്തിയായി വാദിച്ചു. എന്നാല്‍, ബംഗാളികളുണ്ടോ വിടുന്നു. ഒരു ഗവേഷകന്‍ അത് ബംഗാളികള്‍ക്കു സ്വന്തമാണെന്നുള്ളതിന് അനേകം തെളിവുകളുമായി വന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി തന്നെ പടയ്ക്കിറങ്ങി. കേന്ദ്ര വാണിജ്യമന്ത്രാലയം ബംഗാളിലാണ് ആദ്യ രസഗുള ഉണ്ടായതെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ തല്‍ക്കാലം ഇരുപക്ഷവും രസഗുള തിന്ന് രാജിയായിരിക്കുകയാണ്. ബിരിയാണിയുടെ കാര്യത്തിലുമുണ്ട് തര്‍ക്കം. ആദ്യത്തെ ബിരിയാണിച്ചെമ്പ് ഇറക്കിവച്ചത് ഇറാനിലായതിനാല്‍ തര്‍ക്കം മൂര്‍ച്ഛിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ, സമൂസയുടെ കാര്യത്തില്‍ അങ്ങനെയാവാന്‍ വഴിയില്ല. 15ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ രചിച്ച പാചകക്കുറിപ്പുകളുടെ ഒരു സമാഹാരത്തില്‍ സമൂസയെപ്പറ്റിയുള്ള വിവരണമുണ്ട്. സമൂസപ്രിയനായ സുല്‍ത്താന്‍ ഖിയാസുദ്ദീന്‍ ഖില്‍ജിയുടെ നിര്‍ദേശപ്രകാരമാണത്രേ സമാഹാരം രചിച്ചത്. അക്ബര്‍ ചക്രവര്‍ത്തിക്ക് സമൂസ വളരെ ഇഷ്ടമായിരുന്നു. ഇബ്‌നുബത്തൂത്ത തന്റെ യാത്രാവിവരണത്തില്‍ അതിനെ പുകഴ്ത്തിയതു കാണാം.
Next Story

RELATED STORIES

Share it