azchavattam

രണ്ട് ബസ് ദുരന്തങ്ങള്‍

രണ്ട് ബസ് ദുരന്തങ്ങള്‍
X
pukki-parambu

സലിം ഐദീദ്

തീനാളം പോലെ കത്തുന്ന വെയിലില്‍ ഉണങ്ങി വെറുങ്ങലിച്ചു നില്‍ക്കുന്ന പരിസരങ്ങള്‍. കറുത്തു നീണ്ടുകിടക്കുന്ന റോഡില്‍ നിന്ന് ആവി ഉയരുന്നു. പ്രണവം ബസ് തലശ്ശേരിയില്‍ നിന്നു ചിറകുവച്ചതുപോലെ പറക്കുകയാണ്. വെകിളിപിടിച്ച ആ പാച്ചിലില്‍ പൂക്കിപ്പറമ്പില്‍വച്ച് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചു. എതിര്‍വശത്തു നിന്നൊരു അംബാസിഡര്‍ കാര്‍ വന്നതും അതേസമയത്ത്. ബസ്സും കാറും കൂട്ടിയിടിച്ചതോടെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. ബസ്സിന്റെ ഇന്ധനടാങ്കിനു തീപ്പിടിച്ചതോടെ അതൊരു തീക്കുടുക്കയായി മാറി.
ബസ് മറിഞ്ഞപ്പോള്‍ വാതിലുകള്‍ കീഴ്ഭാഗത്തായതിനാല്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടഞ്ഞു. കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു. ബസ്സിനെ വലയം ചെയ്ത തീ തൊട്ടടുത്ത തെങ്ങിലേക്കുവരെ പടര്‍ന്നു കയറി. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. കിട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുഭാഗത്തും വാഹനങ്ങളെ തടഞ്ഞു.
അപകടം നടക്കുമ്പോള്‍ പത്രലേഖകര്‍ ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്നു. പല വഴികളിലൂടെ വിവരങ്ങളറിഞ്ഞെത്തിയ സ്വന്തംലേഖകന്‍മാര്‍ ദുരന്തത്തിന്റെ വ്യാപ്തി കണ്ടു ഞെട്ടി. ഓരോരുത്തരും വാര്‍ത്തയുടെ പ്രധാനഭാഗങ്ങള്‍ അടുത്ത ടെലിഫോണ്‍ ബൂത്തിലെത്തി ഹെഡ്ഓഫിസുകളിലേക്കു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മരണം. മരിച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. ഇക്കഴിഞ്ഞത് ദുരന്തത്തിന്റെ 15ാം വാര്‍ഷികം.

അജ്ഞാതരായ രണ്ടുപേര്‍
പൂക്കിപ്പറമ്പ് അപകടത്തില്‍ മരിച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു. അതേസമയം, വളാഞ്ചേരി കൊളത്തൂര്‍ ഓണപ്പുടയിലെ പനയത്തില്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകന്‍ സൈതലവി തങ്ങള്‍ (35) മൂര്‍ക്കനാട് വെങ്ങാട് മദ്‌റസ അധ്യാപകന്‍ കോഴിക്കോട് കുറ്റിച്ചിറ വയലില്‍ കൊശനി വീട്ടില്‍ പറമ്പില്‍ എ പി അബ്ദുല്ലക്കുട്ടിയുടെ മകന്‍ മുഹമ്മദ് സവാദ് (33) എന്നിവരെക്കുറിച്ച് പൂക്കിപ്പറമ്പ് അപകടത്തിനുശേഷം യാതൊരു വിവരവുമില്ല. ഇവരിലൊരാള്‍ അന്നു തലശ്ശേരിയിലേക്കും മറ്റൊരാള്‍ എടപ്പാളിലേക്കും പുറപ്പെട്ടിരുന്നുവെന്നു മാത്രം വീട്ടുകാര്‍ക്കറിയാം.

പഴയൊരു അപകടത്തിന്റെ കഥ
ഇതിനു മുമ്പ് 13 പേര്‍ കൊല്ലപ്പെട്ട റോഡപകടവും മലപ്പുറത്തു തന്നെ കാട്ടുങ്ങലിലാണ് നടന്നത്. ഡിസ്ട്രിക്റ്റ് റിക്കാര്‍ഡ് ബ്യൂറോയുടെ അപകടങ്ങളെക്കുറിച്ചുള്ള കണക്കുകളില്‍ ഈ വിവരം ഇപ്പോഴും ലഭ്യമല്ല. 1968 നവംബര്‍ 13നായിരുന്നു അത്. ആ അപകടത്തില്‍ 17 പേര്‍ മരിച്ചു.
മഞ്ചേരി ചന്ത നടക്കുന്ന ദിവസം. തിരൂരില്‍ നിന്ന് സിസി ബസ് മഞ്ചേരിക്കു പുറപ്പെട്ടു. ഡ്രൈവര്‍ ബീരാന്‍കുട്ടിക്കാക്കയ്ക്കു തിരൂര്‍, മഞ്ചേരി റൂട്ട് കൈവെള്ളയിലെ വരകള്‍പോലെ.
സംഭവം നടന്ന ബുധനാഴ്ച തിരൂരില്‍ നിന്നു പുലര്‍ച്ചെ മഞ്ചേരിക്കു പുറപ്പെട്ട സിസി ബസ്സില്‍ ബീരാന്‍കുട്ടികാക്കയില്ലായിരുന്നു. പകരം കയറിയത് പരിചയക്കുറവുള്ള ആളാണെന്ന കാര്യം യാത്രക്കാരുമറിഞ്ഞില്ല. അന്ന് ബസ്സിലെ യാത്രക്കാരനായിരുന്നു തൂമ്പില്‍ രാമചന്ദ്രന്‍. മീശ മുളച്ചുവരുന്ന പ്രീഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥി. പടിഞ്ഞാറ്റുംമുറിയാണ് സ്വദേശമെങ്കിലും പഠനസൗകര്യാര്‍ഥം അമ്മയുടെ വീടായ മുണ്ടുപറമ്പിലായിരുന്നു താമസം. കോളജിലേക്കുള്ള ഏക ബസ്സായിരുന്നു സിസി ബസ്. സമയം രാവിലെ എട്ടരയോടടുത്തു. ഞെരുങ്ങിക്കയറി. അഞ്ചു         മിനിറ്റ് പിന്നിട്ടപ്പോഴേക്കും കാട്ടുങ്ങല്‍ വളവില്‍.
സ്പീഡില്‍ വന്ന ബസ്സിന് അതോടെ നിയന്ത്രണം വിട്ടതായി രാമചന്ദ്രനു തോന്നി. പിന്നെ ഒരു വലിയ ശബ്ദം കേട്ടു. എവിടെയോ ബസ് ഇടിച്ചതും മുന്നിലെ ഗ്ലാസ് തകര്‍ന്നു വീഴുന്നതും കണ്ടു. പിന്നെ സംഭവിച്ചതൊന്നും കൃത്യമായി ഓര്‍മയില്ല. ബോധം വന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. പിറ്റേന്നത്തെ അപകടത്തില്‍ മരിച്ചവരുടെ പേരിന്റെ കൂട്ടത്തില്‍ തന്റെ പേരും രാമചന്ദ്രന്‍ വായിച്ചു. ബസ്സിന്റെ ഡ്രൈവറെ വാരിയെല്ലുകള്‍ പൊട്ടിയ നിലയില്‍ ആശുപത്രിയില്‍ കണ്ടിരുന്നു. തൊട്ടോളി മുഹമ്മദ്, ഇത്തേക്കു മാസ്റ്റര്‍, കുന്നത്തൊടി കമ്മുഹാജി, നാണി തുടങ്ങിയവരാണ് അന്നു മരിച്ചത്. മൂന്നു പേര്‍ രാമചന്ദ്രന്റെ കണ്‍മുന്നിലാണ് മരിച്ചത്.

pukki
മെഡിക്കല്‍ കോളജില്‍ അന്നു ലഭിച്ചത് മികച്ച പരിചരണമായിരുന്നെന്നു രാമചന്ദ്രന്‍. വാര്‍ഡ് ഉദ്ഘാടനം കാത്തുകിടക്കുന്ന പുതിയ വാര്‍ഡിലാണ് അപകടത്തില്‍ പെട്ടവരെ കിടത്തിയത്. 15 ദിവസമാണ് രാമചന്ദ്രന്‍ ആശുപത്രിയില്‍ കിടന്നത്.  താടിയെല്ലു പൊട്ടിയതിനാല്‍ ഏറെക്കാലം ദ്രവരൂപത്തിലായിരുന്നു ഭക്ഷണം. തലക്കേറ്റ പരിക്കു കാരണം വേദന വര്‍ഷങ്ങളോളം നീണ്ടു നിന്നെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇന്നും ഈ വഴി പോവുമ്പോള്‍ രാമചന്ദ്രന്‍ പഴയ അപകടം ഓര്‍ക്കും.
അപകടസ്ഥലം കാണിച്ചുതരാനും പടമെടുക്കാനും രാമചന്ദ്രനെ കൂട്ടി ഫോട്ടോഗ്രാഫര്‍ ഉബൈദ് കാട്ടുങ്ങലെത്തിയപ്പോള്‍ യാദൃച്ഛികമായെന്നോണം ഒരാള്‍ സ്ഥലത്തെത്തി. അന്ന         ത്തെ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരില്‍പ്പെട്ട കെ ടി മൊയ്തീന്‍കുട്ടി          മാസ്റ്റര്‍. മുണ്ടുപറമ്പ് ഹൈസ്‌കൂളില്‍ നിന്ന്         പ്രധാനാധ്യാപകനായി വിരമിച്ചയാളാണ് മാസ്റ്റര്‍. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ പോവാന്‍ കുളിക്കാനൊരുങ്ങുമ്പോഴാണ് ശബ്ദം കേട്ടതെന്ന് മാസ്റ്റര്‍ ഓര്‍ക്കുന്നു. ഓടി അപകടസ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. ജില്ലയില്‍ തന്നെ അപകടങ്ങള്‍ക്കു കുപ്രസിദ്ധമായ വട്ടപ്പാറ വളവിന്റെ മറ്റൊരു പതിപ്പായിരുന്നു കാട്ടുങ്ങല്‍ വളവ്.
ബസ്സില്‍ അവസാനം കയറിയ ആളെന്ന നിലയില്‍ രാമചന്ദ്രന്‍ പിന്നീട് കോടതിയില്‍ സാക്ഷിയായി. ഒരു മാസത്തിനു ശേഷം ചോരക്കറ പുരണ്ട നോട്ടുപുസ്തകങ്ങള്‍ മലപ്പുറം പോലിസ് സ്‌റ്റേഷനില്‍ നിന്നു തിരികെ ലഭിച്ചു. അപകടത്തിനു പിറകെ മഞ്ചേരി കോളജിലെ പഠനവും  താറുമാറായി. ഇന്‍ഷുറന്‍സില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഒരു ധനസഹായവും ലഭിച്ചതുമില്ല. അമിതവേഗമായിരുന്നു അപകടകാരണമെന്ന് അപകടവുമായി ബന്ധപ്പെട്ടവരെല്ലാം സാക്ഷ്യപ്പെടുത്തി.
2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ ആലപ്പുഴ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം മലപ്പുറത്തിനാണ്. ആലപ്പുഴയില്‍ ഇക്കാലയളവില്‍ 367 പേര്‍ മരിച്ചപ്പോള്‍ മലപ്പുറത്ത് 357 ആയിരുന്നു. 2014ല്‍ കേരളത്തിലെ മൊത്തം അപകടങ്ങളുടെ എണ്ണം 41,096 ആയിരുന്നെങ്കില്‍ 2015ല്‍ അപകടങ്ങളുടെ എണ്ണം 43,735 ആയി ഉയര്‍ന്നു.
അനിയന്ത്രിതമായ സ്പീഡും റോഡുകളില്‍ തന്‍പോരിമ കാണിക്കുന്നതുമാണ് മിക്ക അപ        കടങ്ങള്‍ക്കും കാരണമെന്നു ഇതിനകം തെളി         യിക്കപ്പെട്ടതാണ്. ഓരോ ദുരന്തവും ബന്ധപ്പെട്ട വീട്ടുകാരുടെ ജീവിതങ്ങളിലാണ് പിടുത്തമിടുന്നതെന്ന് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഓര്‍ക്കാറില്ല. ദുരന്തവാര്‍ത്തകള്‍ എത്ര വായിച്ചാലും ചില ഡ്രൈവര്‍മാര്‍ ആക്‌സിലേറ്ററില്‍ ചവിട്ടിത്താഴ്ത്തി വാഹനങ്ങളുടെ മദമിളക്കുന്നു. ദുരന്തങ്ങള്‍ തന്റെ വീട്ടിലേക്കു മാത്രം കയറി വരില്ലെന്ന മൂഢവിശ്വാസത്തിലാണവര്‍.  ി
Next Story

RELATED STORIES

Share it