thrissur local

രണ്ടു വാര്‍ഡുകള്‍ക്ക് കുടിനീരേകാന്‍ ഉതകുന്ന അറപ്പാക്കുളം അവഗണനയില്‍

മാള: മാള ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ക്കു മുഴുവന്‍ കുടിനീരേകാന്‍ പാകത്തിനുള്ള അറപ്പാക്കുളം ആര്‍ക്കും വേണ്ടാതെ നശിക്കുന്നു. കത്തിയാളുന്ന വേനലില്‍ ജലത്തിനായുള്ള നെട്ടോട്ടം തുടരുമ്പോള്‍ ഈ കുളം പായലും പുല്ലും മാലിന്യങ്ങളും മറ്റും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
സമീപം ജലസമൃദ്ധമായ കുളം കണ്ട് നൃര്‍വൃതിയടയാനെ ഇവിടുത്തുകാര്‍ക്ക് ഇപ്പോള്‍ സാധിക്കുകയുള്ളു. തിരുത്തിക്കുളങ്ങര ജലസേചന പദ്ധതിതിയുടെ ഭാഗമാണ് അറപ്പാക്കുളം. കുളത്തിലേക്ക് മഴവെളളമെത്തിയിരുന്ന സ്വാഭാവിക തോടുകള്‍ കയ്യേറിപ്പോവുകയും നികത്തുകയുമുണ്ടായി. പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാകുന്നതിനായി മൂന്ന് പതിറ്റാണ്ട് മുന്‍പാണ് അറപ്പാക്കുളം ജലസേചന പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി കുളത്തിനോടു ചേര്‍ന്ന് കിണറും മോട്ടോര്‍പ്പുരയും നിര്‍മിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ല.
കുഴൂര്‍ കരിക്കാട്ടുചാലില്‍ നിന്നു തോടുമാര്‍ഗ്ഗം കുളത്തിലേക്ക് വെളളമെത്തിച്ചാണ് പദ്ധതി നടപ്പാക്കാനിരുന്നത്.കുളത്തില്‍നിന്നു വെളളം മോട്ടോര്‍ ഉപയോഗിച്ച് പമ്പിംഗ് നടത്തി പ്രദേശങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പദ്ധതി.
പദ്ധതി നിലച്ചതോടെ പായല്‍, പുല്ല്, ചെളി, മാലിന്യങ്ങള്‍ തുടങ്ങിയവ നിറഞ്ഞും വശങ്ങള്‍ ഇടിഞ്ഞും കുളം നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരിക്കാട്ടുചാലില്‍ നിന്നു വെളളമെത്തിക്കുന്ന തോട് വര്‍ഷാവര്‍ഷം വൃത്തിയാക്കാറുണ്ടെങ്കിലും ഈ കുളത്തിലേക്ക് വെള്ളമെത്താറില്ല.
മുന്‍കാലങ്ങളില്‍ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ കുളിക്കാനും അലക്കാനും മല്‍സ്യബന്ധനത്തിന് വരെ ഉപയോഗിച്ചിരുന്ന കുളമാണ് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറ്റകരമായ അനാസ്ഥ നിമിത്തം നശിച്ചുകൊണ്ടിരിക്കുന്നത്.
വര്‍ഷക്കാലത്ത് മഴ കുറഞ്ഞ് കുറഞ്ഞ് വരുന്നതിനാല്‍ വരും വര്‍ഷങ്ങളിലെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്രഥമാകുന്ന തരത്തില്‍ കുളത്തെ മാറ്റാനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it