Flash News

രണ്ടുവര്‍ഷം നേരിട്ടത് കൊടിയ പീഡനമെന്ന് അഞ്ജലി

തിരുവനന്തപുരം: മംഗലാപുരത്ത് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പീഡനകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശ് കഴിഞ്ഞ രണ്ടുവര്‍ഷം നേരിട്ടത് കൊടിയ പീഡനം. സംസ്ഥാന പോലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ താന്‍ നേരിട്ട പീഡനം യുവതി വിവരിക്കുന്നുണ്ട്. യുവതിക്ക് 15 വയസ്സുള്ളപ്പോള്‍ പിതാവ് നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുടെ വീടുമായി സൗഹൃദത്തിലായിരുന്ന ഇതര സമുദായത്തില്‍പ്പെട്ട യുവാവുമായി പരിചയപ്പെടുന്നത്. ഇതിനെ ചൊല്ലി ബന്ധുക്കളുടെ ക്രൂരമായ പീഡനത്തിനിരയായി.
മാതാവും സഹോദരങ്ങളും ചേര്‍ന്നു ക്രൂരമായ പീഡനത്തിനിരയാക്കി. ഇതിനിടയില്‍ മാരകമായ മുറിവേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചികില്‍സയ്‌ക്കെന്ന പേരില്‍ കൊച്ചിയിലെ മാതാ അമൃതാനന്ദമയി ആശുപത്രിയിലെ മനോരോഗവിഭാഗത്തിലും പ്രവേശിപ്പിച്ചു. അവിടെ ചുമതലയുണ്ടായിരുന്ന മനോരോഗ വിദഗ്ധന്‍ ഡോ. എന്‍ ദിനേശ് ക്രൂരനും ഒരു പിശാചിനെപ്പോലെ പെരുമാറുന്നയാളുമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ തന്നെപ്പോലെ നിരപരാധികളായ പെണ്‍കുട്ടികള്‍ക്ക് മനോരോഗികള്‍ക്കുള്ള മരുന്നുകളും വൈദ്യുതാഘാതവും ഉയര്‍ന്ന അളവില്‍ നല്‍കുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സില്‍ നിന്നു മനസ്സിലാക്കി. തനിക്കു ദിവസം ഇത്തരത്തില്‍ 10 ഗുളികകളെങ്കിലും നല്‍കിയിരുന്നു. ഡോ. എന്‍ ദിനേശിന്റെ തുടര്‍ച്ചയായുള്ള 45 ദിവസത്തെ ചികില്‍സയ്ക്കു ശേഷം തനിക്ക് സംസാരിക്കാനും നടക്കാനുമുള്ള ശേഷി ഇല്ലാതായി.
ഇതേസമയം വിവാഹം കഴിക്കാന്‍ തയ്യാറായിരുന്ന യുവാവ് ഹേബിയസ് കോര്‍പസ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതിനു മറുപടിയായി ഡോ. എന്‍ ദിനേശ് നല്‍കിയ വ്യാജ മനോരോഗ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ അഞ്ജലിയുടെ മാതാവ് ഹാജരാക്കി. ആശുപത്രി കേന്ദ്രീകരിച്ച് വിശ്വഹിന്ദുപരിഷത്തിന്റെയും ഇതര ഹൈന്ദവസംഘടനകളുടെയും പ്രവര്‍ത്തനം സജീവമായിരുന്നു എന്നും ഡിജിപിക്ക് നല്‍കാന്‍ കൊണ്ടുവന്ന പരാതിയില്‍ പറയുന്നു.
എറണാകുളത്തുള്ള യോഗ സെന്ററിന്റെ കൗണ്‍സലര്‍മാരും ഈ ആശുപത്രിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി യുവതി പറയുന്നു. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ബലമായി കലൂരിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ മറ്റു നിരവധി പെണ്‍കുട്ടികളെ കണ്ടുമുട്ടി.
അവിടെയുണ്ടായിരുന്ന ചിലര്‍ ശരീരത്തില്‍ ബലമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും പ്രണയത്തിലായിരുന്ന യുവാവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് എറണാകുളം നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ സിഐക്ക് പരാതി നല്‍കിയെങ്കിലും പോലിസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല. യുവതിയും യുവാവും തമ്മില്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് സിഐ ഭീഷണിപ്പെടുത്തി. പിന്നീട് അവര്‍ പാവകുളത്ത് വിഎച്ച്പി ഓഫിസില്‍ എത്തിച്ച് അവിടെ ചിലര്‍ക്കൊപ്പം പൂട്ടിയിട്ടു. അവിടെയെത്തിയ ഷിജു എന്ന യുവാവിനൊപ്പം തൃശൂരിലെ മായന്നൂരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള തണല്‍ ബാലഗ്രാമിലേക്കു മാറ്റി.  പിന്നീട് മംഗലാപുരത്തേക്കു മാറ്റി. അവിടെയും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായതായി യുവതി സൂചിപ്പിക്കുന്നു. ഇതിനിടയില്‍ സാമൂഹികമാധ്യമം വഴി ഒരു വീഡിയോ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട മംഗലാപുരം സിറ്റി വനിതാ പോലിസുകാരാണ് തന്നെ രക്ഷപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it