malappuram local

രണ്ടിടത്തു കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

നാദാപുരം: വളയം പഞ്ചായത്തിലെ കണ്ടി വാതുക്കലിലും നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് തരിപ്പ മലയിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് രണ്ടിടങ്ങളിലും കാട്ടാനകള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്.
കണ്ണവം വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വളയം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ  കണ്ടി വാതുക്കലിലെ പിലാക്കണ്ടി ലക്ഷമണന്‍, പിലാക്കണ്ടി ബാലകൃഷ്ണന്‍, കാട്ടിക്കുഴി കേളപ്പന്‍ എന്നിവരുടെ തെങ്ങുകളും,കവുങ്ങുകളും,തെങ്ങിന്‍ തൈകളുമാണ് വ്യാപകമായി നശിപ്പിച്ചത്. വനത്തില്‍ നിന്നിറങ്ങിയ ആറോളം ആനകളാണ് പത്ത് വര്‍ഷത്തോളം പ്രായമായ തെങ്ങുകള്‍ പിഴുതെറിഞ്ഞും മറ്റും നശിപ്പിച്ചത്. ലക്ഷമണന്റെ പത്ത് തെങ്ങുകളും, കവുങ്ങുകളും, ബാലകൃഷ്ണന്റെയും കേളപ്പന്റെയും രണ്ട് തെങ്ങുകളും, കവുങ്ങുകളും നശിപ്പിച്ചത്. കണ്ണവം വന മേഖലയോട് ചേര്‍ന്ന് ഫെന്‍സിംഗ് ലൈനുകള്‍ ഇല്ലാത്തതാണ് ആനക്കൂട്ടമിറങ്ങാന്‍ കാരണമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രി മുഴുവന്‍ കൃഷിയിടങ്ങളില്‍ സകലതും നശിപ്പിച്ച് കഴിയുന്ന ആനകള്‍ നേരം വെളുക്കുന്നതോടെ കാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. നരിപ്പറ്റ പഞ്ചായത്തിലെ തരിപ്പ ആദിവാസികോളനിയിലാണ് രണ്ട് ദിവസമായി കാട്ടാന ശല്യം രൂക്ഷമായത്.
രണ്ട് ദിവസം മുമ്പ് കൃഷിയിടത്തിലിറങ്ങി സര്‍വ്വതും നശിപ്പിച്ച ആനകള്‍ ഇന്നലെ രാത്രി വീണ്ടുമെത്തി കൃഷി നശിപ്പിച്ചു. കോളനികള്‍ക്ക് സമീപത്തെ കൃഷിയിടങ്ങളില്‍ പോലും ആനക്കൂട്ടമെത്തിയതായി കര്‍ഷകര്‍ പറഞ്ഞു. അഞ്ചോളം കര്‍ഷകരുടെ കാര്‍ഷിക വിളകളും മറ്റുമാണ് ആനകള്‍ നശിപ്പിച്ചത്. ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങാതെ കൃഷിയിടത്തോട് ചേര്‍ന്ന വന ഭൂമിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും രാത്രിയാവുമ്പോള്‍ വീണ്ടും എത്തുമോ എന്ന ഭീതിയിലാണ് കോളനിനിവാസികളെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it