Flash News

രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായി: എം കെ ഫൈസി

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ജനങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന് ഇറങ്ങാന്‍ സമയമായെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രസിഡന്റിനും മറ്റു ഭാരവാഹികള്‍ക്കും ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം കെ ഫൈസി.
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഏതൊരു നീക്കത്തിലും എസ്ഡിപിഐ മുന്നിലുണ്ടാവും. ആള്‍ക്കൂട്ട കൊലകള്‍ക്കു പിന്നില്‍ സംഘപരിവാരം ആയതുകൊണ്ടാണ് അവര്‍ക്കെതിരേ നടപടിയുണ്ടാവാത്തത്. അതിന്റെ വലിയ ഉദാഹരണങ്ങളിലൊന്നാണ് സ്വാമി അഗ്‌നിവേശിനെതിരായ ആക്രമണമെന്നും എം കെ ഫൈസി പറഞ്ഞു.
മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരേ ഒരേ രീതിയിലുള്ള ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സ്വാമി അഗ്‌നിവേശ് പറഞ്ഞു. ജാര്‍ഖണ്ഡിലും ആല്‍വാറിലും മാത്രമല്ല, സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഒരേ രീതിയിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നു. മുസ്‌ലിംകള്‍ രാഷ്ട്രീയ അവബോധത്തോടെ പൊതുരംഗത്ത് കൂടുതല്‍ സജീവമാകണം. മാനവികതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുസ്‌ലിം സമൂഹം കൂടുതല്‍ ശ്രദ്ധിക്കണം. ഇന്നത്തെ പല രാഷ്ട്രീയപ്പാര്‍ട്ടികളും കോര്‍പറേറ്റ് അജണ്ടകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അതില്‍ നിന്നു വിമുക്തമാണ് എസ്ഡിപിഐ. അതിനാലാണ് ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നത്. കോര്‍പറേറ്റ് അജണ്ടകള്‍ക്കെതിരേ മാനവിക മൂല്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ എസ്ഡിപിഐ—ക്കൊപ്പം താന്‍ ഉണ്ടാവും. ഇത്തരത്തിലൊരു മുന്നേറ്റത്തിനു വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അഗ്‌നിവേശ് പറഞ്ഞു.
മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ്, ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍, ആര്‍ പി പാണ്ഡ്യ, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, അബ്ദുല്‍ മജീദ്, ട്രഷറര്‍ അഡ്വ. സാജിദ് സിദ്ദീഖി, മറ്റു ഭാരവാഹികളായ യാസ്മിന്‍ ഫാറൂഖി, സീതാറാം കോവിയല്‍, ഡോ. തസ്‌ലീം റഹ്മാനി സംസാരിച്ചു.
Next Story

RELATED STORIES

Share it