World

രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണം 200 കടന്നു

മനില: ഫിലിപ്പീന്‍സില്‍ ടെംപിന്‍ കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്നലെയും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണനിരക്ക് 200 കടന്നതായാണ് റിപോര്‍ട്ട്. കാര്‍ഷിക മേഖലകളിലും തീരപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നു പോലിസ് അറിയിച്ചു. മിന്‍ഡാനോ ദ്വീപിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ ശക്തിയില്‍ വീശിയടിച്ചത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടു.15944 പേരെ കാണാതായെന്നാണ് പോലിസ് നല്‍കുന്ന വിവരം. 70,000 ആളുകളെ ദുരിതാശ്വാസ ക്യാംപില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ്‌ക്രോസ് ആന്റ് റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ശക്തമായ പ്രളയത്തില്‍ നിറഞ്ഞ സലോങ് നദിയില്‍ നിന്നു മൃതദേഹങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. മിന്‍ഡാനോയില്‍ 135 പേര്‍ കൊല്ലപ്പെടുകയും 72 പേരെ കാണാതാവുകയും ചെയ്തു. സാബോംഗാ മേഖലയില്‍ 47 പേര്‍ മരിച്ചതായും 72 പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മണ്ണിടിച്ചിലില്‍ ഫിലിപ്പീന്‍സിലെ ഉയര്‍ന്ന ഗ്രാമപ്രദേശമായ ദലായ ഗ്രാമം അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. ഫിലിപ്പീന്‍സിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് സഹായം വാഗ്ദാനം ചെയ്തു.
Next Story

RELATED STORIES

Share it