രക്ഷാപ്രവര്‍ത്തനം തുടരുന്നു; നിരവധി പേര്‍ കരയ്‌ക്കെത്തി

കൊച്ചി/ കോഴിക്കോട്/ തൃശൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലകപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡും നാവിക-വ്യോമസേനകളും ചേര്‍ന്നു വിവിധ പ്രദേശങ്ങളില്‍ കരയ്‌ക്കെത്തിച്ചു. നിരവധി പേര്‍ സ്വയം തന്നെ രക്ഷപ്പെട്ട് തിരിച്ചെത്തിയിട്ടുണ്ട്. കടലില്‍ അകപ്പെട്ട രണ്ടു ബോട്ടുകളിലെ 19 തൊഴിലാളികളെ ഇന്നലെ ഉച്ചയോടെ രണ്ടു ബോട്ടുകളിലായി ചെല്ലാനം ഹാര്‍ബറില്‍ എത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പോയ ബൈബിള്‍, ആരോഗ്യമാതാ എന്നീ ബോട്ടുകളിലായിരുന്നു തൊഴിലാളികള്‍. അന്ധകാരനഴിക്ക് പടിഞ്ഞാറു മാറി ബോട്ട് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ഇവരെ ചേര്‍ത്തല ഗവ. ആശുപത്രിയിലേക്കു മാറ്റി. തമിഴ്‌നാട് തേങ്ങാപ്പട്ടണത്തു നിന്നുള്ള അരുള്‍ദാസ് (32), ബര്‍ജിന്‍ (40), സുഷോയ് (65), ലൂര്‍ദ്ദാസ് (58), ജെറാള്‍ഡ് (58), തദേവൂസ് (45), ജോസഫ് (45), സാജന്‍ (20), ജോര്‍ജ് (21), തജന്‍സ് (55), വികാസ് (25), ബാലമുരുകന്‍ (24), സെല്‍വരാജ്, സേവ്യര്‍, അനില്‍ കുമാര്‍, സജിന്‍ എന്നിവരെയും അസം സ്വദേശികളായ മൂന്നു പേരെയുമാണ് രക്ഷപ്പെടുത്തിയത്. തുത്തൂര്‍, നാഗപട്ടണം, കന്യാകുമാരി സ്വദേശികളാണ് മറ്റുള്ളവര്‍. കോഴിക്കോട്ട് 27 മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇവരില്‍ അഞ്ചു പേര്‍ ആലപ്പുഴ സ്വദേശികളാണ്. ഐസിജിഎസ് അമര്‍ത്യ എന്ന കപ്പലില്‍ ബേപ്പൂരില്‍ നിന്നുള്ള 22 പേരെയും ഐസിജിഎസ് അഭിനവ് എന്ന കപ്പലില്‍ ആലപ്പുഴ സ്വദേശികളായ അഞ്ചു പേരെയുമാണ് കരയ്‌ക്കെത്തിച്ചത്. നവംബര്‍ 29നു ജോയല്‍ എന്ന ബോട്ടില്‍ മല്‍സ്യബന്ധനത്തിനു പോയ സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെത്തിക്കാട്, ഷാജി (ഇഗ്നേഷ്യസ്) തുമ്പോളി, ജോസഫ് ചെത്തിക്കാട് എന്നിവരാണ് രക്ഷപ്പെട്ട ആലപ്പുഴ സ്വദേശികള്‍. വിവിധ സ്ഥലങ്ങളില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ മഹാരാഷ്ട്രയിലും ലക്ഷദ്വീപിലും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ഗാലക്‌സി ബോട്ടില്‍ മല്‍സ്യബന്ധനത്തിനു പോയി കാണാതായ പുറക്കാട് പഞ്ചായത്തിലെ 11ാം വാര്‍ഡിലെ പുതുവല്‍ ഹൗസില്‍ മോഹന്‍ദാസ് മഹാരാഷ്ട്രയിലെ ദേവ്ഗഡ് തുറമുഖത്തും അന്നമ്മാള്‍ എന്ന വള്ളത്തില്‍ പോയ നീര്‍ക്കുന്നം തെക്കാനിശ്ശേരില്‍ രഞ്ജിത്ത് (30), തുമ്പോളി അരയന്‍പറമ്പ് പ്രതാപന്‍ (58), കാഞ്ഞിരംചിറ പീറ്റര്‍ (57) എന്നിവര്‍ ലക്ഷദ്വീപ് കല്‍പേനിയിലും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. അതിനിടെ, കടലില്‍ കാണാതായ ഒമ്പതു മല്‍സ്യത്തൊഴിലാളികള്‍ കൂടി ചേറ്റുവ ഹാര്‍ബറില്‍ തിരിച്ചെത്തി. ഹാര്‍ബറില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച പുറംകടലില്‍ മല്‍സ്യബന്ധനത്തിനു പോയ അമ്പാടിക്കണ്ണന്‍ ബോട്ടിലെ തൊഴിലാളികളാണ് ആശങ്കയ്‌ക്കൊടുവില്‍ കരപറ്റിയത്.
Next Story

RELATED STORIES

Share it