Flash News

രക്ഷകനായി വീണ്ടും വിനീത്; ചെന്നൈക്കെതിരേ സമനില

രക്ഷകനായി വീണ്ടും വിനീത്; ചെന്നൈക്കെതിരേ സമനില
X


ചെന്നൈ:  രക്ഷക വേഷത്തില്‍ വീണ്ടും മലയാളി താരം സി കെ വിനീത് അവതരിച്ചപ്പോള്‍ അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിന് ആവേശ സമനില. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഒരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 89ാം മിനിറ്റില്‍ ചെന്നൈയ്ക്കു വേണ്ടി റെനി മെഹ്‌ലിച്ച് പെനല്‍റ്റിയിലൂടെ ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ അധികസമയത്ത് 94ാം മിനിറ്റിലാണ് സി കെ വിനീതിലൂടെ കേരളം തിരിച്ചടിച്ചത്. 4-2-3-1 ശൈലിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. ഹ്യൂമില്ലാതെ കഴിഞ്ഞ മല്‍സരത്തിലെ താരങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. അതേ സമയം മലയാളി താരം മുഹമ്മദ് റാഫിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു ചെന്നൈയും അണിനിരന്നത്.  ആദ്യ പകുതിയില്‍ 60 ശതമാനം സമയവും പന്ത് കൈവശം വച്ച് മികച്ച അറ്റാക്കിങ്ങ് ഫുട്‌ബോളായിരുന്നു ചെന്നൈ കാഴ്്ച വച്ചത്.   എന്നാല്‍ ഗോള്‍ നേടുന്നതില്‍ നിന്നും സന്ദേശ് ജിങ്കനും ലാകിച് പെരിസിച്ചും ചെന്നൈയിനെ തടഞ്ഞുനിര്‍ത്തി. ആദ്യ പകുതിയില്‍ ലീഡ് നേടാനുള്ള മികച്ചൊരു അവസരം ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ നില്‍ക്കേജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തുകയും ചെയ്തു. വിനീതും പെകുസണും ചേര്‍ന്ന് നടത്തിയ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ കിട്ടിയ അവസരമാണ്  ജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയത്. റിനോ ആന്റോ ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്ത് പോയതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. 38ാം മിനിറ്റില്‍ ചെന്നൈ താരങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് റിനോയുടെ കാലിന് പരിക്കേറ്റത്. റിനോക്ക് പകരം സാമുവല്‍ ശദബിനെയാണ് കോച്ച് കളത്തിലിറക്കിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍രഹിതമായ ശേഷം മല്‍സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കേരളത്തിനെതിരായ പെനല്‍റ്റിയെത്തുന്നത്. ജിങ്കനെതിരായി ഹാന്‍ഡ്‌ബോള്‍ വിളിച്ച ചെന്നൈ താരത്തിന് അനുകൂലമായി റഫറി പെനല്‍റ്റി വിളിച്ചു. കിക്കെടുത്ത റെനി മെഹ്‌ലിച്ച് ഗോളാക്കി ചെന്നൈയിന് ലീഡ് നല്‍കി. എന്നാല്‍ ഉണര്‍ന്നു കളിച്ച കേരളം കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജിങ്കന്റെ മികച്ചൊരു ക്രോസില്‍ നിന്ന് ഗോള്‍ നേടി വിനീത് കേരളത്തിന് അര്‍ഹിച്ച സമനില നേടി കൊടുക്കുകയായിരുന്നു. സമനിലയോടെ 13 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
Next Story

RELATED STORIES

Share it