Flash News

യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ പരാതി നല്‍കിയ വ്യാപാരി കസ്റ്റഡിയില്‍

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ എസ് പി ഗോയലിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച വ്യാപാരിയെ പോലിസ് കസ്റ്റഡിയിലെടുത്തു. യുപി ബിജെപി ഓഫിസിന്റെ പരാതിയെ തുടര്‍ന്നാണ് വ്യാപാരി അഭിഷേക് ഗുപ്തക്കെതിരേ പോലിസ് നടപടിയെടുത്തത്. ബിജെപി ഭാരവാഹികളുടെ പേര് പറഞ്ഞ ഗുപ്ത ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഗുപ്തക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് ലഖ്‌നോ സീനിയര്‍ പോലിസ് സൂപ്രണ്ട് ദീപക് കുമാര്‍ പറഞ്ഞു. കേസിന്റെ നിജസ്ഥിതി മുഖ്യമന്ത്രി ആരാഞ്ഞിട്ടുണ്ട്.
തന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ഗവര്‍ണര്‍ രാംനായികിനു ഗുപ്ത കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹര്‍ദോയി ജില്ലയില്‍ തന്റെ നിര്‍ദിഷ്ട പെട്രോള്‍ പമ്പിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനു ഭൂമി അനുവദിക്കുന്നതിനു ഗോയല്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഗുപ്ത പരാതിപ്പെട്ടത്.
പെട്രോള്‍ പമ്പിന് പെട്രോളിയം കമ്പനി നേരത്തേ അനുമതി നല്‍കിയതാണ്. പമ്പിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന് ഗുപ്ത സമര്‍പ്പിച്ച അപേക്ഷ ഗോയലിന്റെ പരിഗണനയിലായിരുന്നു. 25 ലക്ഷം രൂപ തന്നില്ലെങ്കില്‍ അപേക്ഷ നിരസിക്കുമെന്നാണ് ഗോയല്‍ പറഞ്ഞത്. ഗോയല്‍ കോഴ ആവശ്യപ്പെടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തന്നെ ഓഫിസില്‍ നിന്നു പുറത്താക്കിയെന്നും ഗുപ്ത പറഞ്ഞു.
അതേസമയം, യഥാര്‍ഥ കോഴ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താത്ത സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷത്തെ എസ്പി നേതാവ് അഖിലേഷ് യാദവ് ചോദ്യം ചെയ്തു. ആരോപണം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it