Flash News

യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വം : കേന്ദ്ര കമ്മിറ്റി തീരുമാനിക്കും



ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാ ം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കു മല്‍സരിക്കുന്ന വിഷയത്തില്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുത്തില്ല. ഇക്കാര്യം പാര്‍ട്ടി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ രാജ്യസഭയിലേക്കു മല്‍സരിക്കുന്നതിനെ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലെന്നും വിജ്ഞാപനം വന്നതിനു ശേഷം മാത്രം അക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും യെച്ചൂരി ഇന്നലെ പ്രതികരിച്ചു. താന്‍ വീണ്ടും മല്‍സരിക്കുന്നതിനെ സിപിഎം പശ്ചിമബംഗാള്‍ ഘടകം പിന്തുണച്ചിട്ടുണ്ടെന്ന കാര്യം ശരിയാണ്. എന്നാല്‍, പാര്‍ലമെന്റ് അംഗത്വം രണ്ടു തവണ മാത്രമേ പാടുള്ളൂ എന്ന് പാര്‍ട്ടിയില്‍ നിബന്ധനയുണ്ട്. അത് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ആദ്യം തിരഞ്ഞെടുപ്പു വിജ്ഞാപനം വരട്ടെ. അതിനുശേഷം തീരുമാനമെടുക്കാം എന്ന് യെച്ചൂരി പറഞ്ഞു. എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം പോളിറ്റ് ബ്യൂറോയും എടുത്തിട്ടില്ലെന്നാണ് യെച്ചൂരിയുടെ വാക്കുകളില്‍ നിന്നു വ്യക്തമാവുന്നത്. അതേസമയം, ഉചിതമായ സമയത്ത് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയതോടെ സ്ഥാനാര്‍ഥിത്വം സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നുറപ്പായി. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ വിഷയം വീണ്ടും സജീവ ചര്‍ച്ചയ്ക്കു വരും. പോളിറ്റ് ബ്യൂറോ യോഗത്തില്‍ ബംഗാള്‍ ഘടകത്തിന്റെ പിന്തുണയെ മറികടന്ന് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ കേരള ഘടകം ഉള്‍പ്പെടെ ശക്തമായി എതിര്‍ത്തു എന്നാണു വിവരം. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ ഉറച്ചു നിന്നാണ് ഒരുപക്ഷം യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നത്.
Next Story

RELATED STORIES

Share it