Flash News

യെച്ചൂരിക്ക് നേരെ കൈയേറ്റം : പ്രതിഷേധവുമായി കേരളം



അക്രമം കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസില്‍ കയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ സംഘപരിവാരം നടത്തിയ ആക്രമണം ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.   ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളതുകൊണ്ടാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. സംഭവത്തെ  നിരവധി രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു.
ഉമ്മന്‍ചാണ്ടി
സീതാറാം യെച്ചൂരിയെ  ഹിന്ദു സേനക്കാര്‍ ആക്രമിച്ചതിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപലപിച്ചു. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയെ എതിര്‍ക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്താനും വകവരുത്താനുമുള്ള ഇത്തരം നീക്കങ്ങളെ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. രാജ്യം ഭരിക്കുന്ന ബിജെപി ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി
എന്‍ഡിഎയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കുവരെ സുരക്ഷ ഇല്ലാതെയായിത്തീര്‍ന്നിരിക്കുന്നുവെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഒരു പാര്‍ട്ടിയുടെ ഉന്നതനായ നേതാവിനെ അവരുടെ പാര്‍ട്ടി ആസ്ഥാനത്തിനകത്തുവച്ച് അക്രമിക്കാന്‍ ഒരുകൂട്ടം ക്രിമിനലുകള്‍ക്ക് മൂന്നു വര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണം ധൈര്യം നല്‍കിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിയേരി
സിപിഎം ജനറല്‍ സെക്രട്ടറിക്കു നേരെയുള്ള ആര്‍എസ്എസുകാരുടെ അക്രമം ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ പരസ്യപ്രസ്താവനയെ തുടര്‍ന്നാണ് ഈ അക്രമം സംഘടിപ്പിക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് പ്രചോദനമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെമ്പാടും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ അബൂബക്കര്‍
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ ഹിന്ദുത്വസംഘം  നടത്തിയ ആക്രമണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പ്രതിഷേ ധിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്ഥാനങ്ങള്‍ക്കും ഉന്നത നേതാക്കള്‍ക്കുമെതിരേ ആര്‍എസ്എസ് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ കടുത്ത അപായസൂചനയായി കാണണമെ ന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ ക്കുമെതിരേ നിരന്തരം നടക്കുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരാത്തതിന്റെ ഹുങ്കില്‍ നിന്നാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ക്കെതിരേ അക്രമം തുടങ്ങാന്‍ ആര്‍എസ്എസിന് ധൈര്യം ലഭിച്ചത്. ഇത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കാനുള്ള നീക്കമാണ്. ജനാധിപത്യപ്രസ്ഥാനങ്ങള്‍ അഭിപ്രായഭേദങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി ഇത്തരം വിധ്വംസക നീക്കങ്ങളെ ചെറുക്കണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു.
കാനം രാജേന്ദ്രന്‍
യെച്ചൂരിക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു.  ഈ സംഭവത്തില്‍ ബിജെപി നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായം പറയണമെന്നും കാനം ആവശ്യപ്പെട്ടു.
എം എം ഹസന്‍
യെച്ചൂരിക്കു നേരെ ഹിന്ദു സേനാപ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ കടുത്ത  ഭാഷയില്‍ അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഹസന്‍ പറഞ്ഞു.
വിഎസ്
യച്ചൂരിക്ക് നേരെയുണ്ടായ കൈയേറ്റം സംഘപരിവാരം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. ഇതര മതസ്ഥര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇന്ത്യയില്‍ ജീവനോടെ കഴിയാന്‍ അവകാശമില്ലെന്ന പ്രഖ്യാപനമാണ് സിപിഎം ജനറല്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ സംഘപരിവാരം നടത്തിയ ശ്രമത്തിലൂടെ പറഞ്ഞുവച്ചിരിക്കുന്നതന്നും വിഎസ് പറഞ്ഞു.
ചെന്നിത്തല
ആര്‍എസ്എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ എത്ര ഉന്നതരായ നേതാക്കളായാലും അവരെ കായികമായി നേരിടുമെന്ന സൂചനയാണ് ഈ ആക്രമണത്തിലൂടെ സംഘപരിവാര കേന്ദ്രങ്ങള്‍  നല്‍കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കെ പി എ മജീദ്
യെച്ചൂരിയെ കൈയേറ്റം ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സംഘപരിവാരം ശക്തികളെ മുഖ്യ ശത്രുവായി കണ്ട് നയനിലപാടുകള്‍ സ്വീകരിക്കാന്‍ സിപിഎമ്മിനുള്ള തിരിച്ചറിവാവട്ടെ ഈ ഹീനകൃത്യമെന്നും കെപി എ മജീദ് കൂട്ടിച്ചേര്‍ത്തു.
കെ എം മാണി
സീതാറാം യച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫാഷിസമാണ്. ജനാധിപത്യ രാജ്യത്തിന് ചേര്‍ന്ന സംസ്‌കാരമല്ല  അക്രമികളില്‍ നിന്നുണ്ടായതെന്നും മാണി പറഞ്ഞു.
എ കെ ആന്റണി
യെച്ചൂരിക്കു നേരെയുണ്ടായ കൈയേറ്റ ശ്രമം തികഞ്ഞ കാടത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അപ്രിയമായ ആശയം പ്രചരിപ്പിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഭീഷണിപ്പെടുത്തി നാവടപ്പിക്കാന്‍ സാധിക്കും എന്ന സംഘപരിവാറിന്റെ ആഗ്രഹം വ്യാമോഹം മാത്രമാണെന്നും ആന്റണി വ്യക്തമാക്കി. അക്രമത്തെ കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ജല വിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവര്‍ അപലപിച്ചു.
ആര്‍എംപിഐ
യെച്ചൂരിയെ ആക്രമിച്ച നടപടി ഫാഷിസ്റ്റ് കടത്തമാണെന്നും അക്രമകാരികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കുമ്മനം
സീതാറാം യെച്ചൂരിക്കെതിരായ കൈയേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ആര്‍എസ്എസ്സിനെയും ബിജെപിയെയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും കുമ്മനം ആരോപിച്ചു.
Next Story

RELATED STORIES

Share it