Kollam Local

യെച്ചൂരിക്ക് നേരെയുള്ള ആക്രമണം ആര്‍എസ്എസ് ഗൂഢാലോചന : കോടിയേരി



കൊല്ലം: ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്ത് പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ ആക്രമിച്ചതിനു പിന്നില്‍ ആര്‍എസ്എസിന്റെ ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീതാറാം യച്ചൂരിക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ചിന്നക്കടയില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.—കേരളാഹൗസിനും എകെജി സെന്ററിനും നേരേ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്റ്‌സ് റിപോര്‍ട്ട് ഡല്‍ഹിയുടെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ അവഗണിച്ചു. വാര്‍ത്താസമ്മേളനത്തിന് യെച്ചൂരി എത്തുന്നതിന് മുമ്പായി എകെജി സെന്ററിന് മുന്നില്‍ നിന്നും പോലിസിനെ പിന്‍വലിച്ചത് ബോധപൂര്‍വമായിരുന്നു. ഇപ്രകാരം പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസ് പോലും ആക്രമിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയ എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.—കേരളത്തിലെ ഇടതുപക്ഷ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഈയിടെ സംസ്ഥാനം സന്ദര്‍ശിച്ച ബിജെപി നേതാവ് ആര്‍എസ്എസ് നേതാക്കള്‍ക്ക് രഹസ്യനിര്‍ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ സ്വാധീനം വളര്‍ത്താന്‍ വടക്കേ ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്്‌ലിംകളും തമ്മിലുള്ള സംഘര്‍ഷം വളര്‍ത്തി കലാപം ഉണ്ടാക്കുകയാണ് ഇവരുടെ തന്ത്രം. ഇടതുപക്ഷം ശക്തമായ കേരളത്തില്‍ അത് പ്രായോഗികമല്ലെന്ന് അവര്‍ക്ക് മനസിലായി. അതുകൊണ്ടാണ് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഈ രഹസ്യനീക്കം. അതിലൂടെ മതന്യൂനപക്ഷത്തെ ഭയപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുകയാണെന്ന് കോടിയേരി പറഞ്ഞു.—നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് ബിജെപിയും ആര്‍എസ്എസും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 12 കൊലപാതകം അവര്‍ നടത്തി. ചേര്‍ത്തലയിലെ 18 തികയാത്ത അനന്തുവിനെ വരെ അവര്‍ കൊലപ്പെടുത്തിയെന്നും കോടിയേരി പറഞ്ഞു.—നിരന്തരം അക്രമം അഴിച്ചുവിടുന്ന ഹിന്ദുസേന ആര്‍എസ്എസിന്റെ ഗുണ്ടാസംഘമാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു പറഞ്ഞു. എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍, ആര്‍ കെ ശശിധരന്‍പിള്ള, എം എസ് വിജയന്‍, കെഎന്‍ മോഹന്‍ലാല്‍, ബി ഗോപന്‍, ബലദേവ് , അരവിന്ദാക്ഷന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it