World

യൂലിയ സ്‌ക്രിപാലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

മോസ്‌കോ: ബ്രിട്ടനിലെ സാലിസ്ബറിയില്‍ രാസായുധ ആക്രമണത്തിനിരയായി ചികില്‍സയില്‍ കഴിയുന്ന യൂലിയ സ്‌ക്രിപാലിന്റെ ടെലിഫോണ്‍ സംഭാഷണം റഷ്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. യൂലിയ മോസ്‌കോയിലുള്ള ബന്ധുവിനാണ് ഫോണ്‍ ചെയ്തത്. താനും പിതാവും സുഖമായിരിക്കുന്നുവെന്നും ദീര്‍ഘമായി ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ യൂലിയ തന്റെ ബന്ധുവായ വിക്‌ടോറിയയോട് പറയുന്നത്. ശബ്ദം സ്ഥിരീകരിച്ചിട്ടില്ലെന്ന ആമുഖത്തോടെയാണ് റൊസ്സിയ 24 വാര്‍ത്താ ചാനല്‍ ടെലിഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തത്.
സ്‌ക്രിപാലും മകളും അതീവ ഗുരുതരാവസ്ഥയിലാണെന്നു ബ്രിട്ടിഷ് അധികൃതര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു വിരുദ്ധമാണ് യൂലിയയുടെ ഫോണ്‍ സംഭാഷണം.എന്നാല്‍, സംഭാഷണം റഷ്യന്‍ ടിവി ചാനല്‍ സംപ്രേഷണം ചെയ്തു മണിക്കൂറുകള്‍ക്കകം യൂലിയയുടെ ആരോഗ്യനില സംബന്ധിച്ചു പുതിയ പ്രസ്താവന ബ്രിട്ടിഷ് അധികൃതര്‍ പുറത്തിറക്കി. സ്‌ക്രിപാലിനും മകള്‍ യൂലിയയും സുഖം പ്രാപിക്കുകയാണെന്നാണ് ബ്രിട്ടന്റെ പുതിയ പ്രസ്താവന. ചികില്‍സയില്‍ കഴിയുന്ന യൂലിയ കഴിഞ്ഞയാഴ്ച അബോധാവസ്ഥയില്‍ നിന്നുണര്‍ന്നിരുന്നുവെന്നും ആരോഗ്യം വീണ്ടെടുക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
മാര്‍ച്ച്് ആദ്യവാരമാണ് റഷ്യന്‍ മുന്‍ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേര്‍ക്ക് രാസായുധ ആക്രമണമുണ്ടാവുന്നത്. രാസായുധ ആക്രമണത്തെത്തുടര്‍ന്ന് റഷ്യ-ബ്രിട്ടന്‍ നയതന്ത്ര ബന്ധം വഷളാവുകയും യുഎസും യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുമടക്കമുള്ള രാജ്യങ്ങള്‍ ബ്രിട്ടനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിറകില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്‍ ആരോപിക്കുന്നത്. ബ്രിട്ടനും സഖ്യകക്ഷികളും ചേര്‍ന്ന് 150 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ഇത്രയും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി റഷ്യയും തിരിച്ചടിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it