Flash News

യൂറോപ ലീഗ് സെമി: ആദ്യപാദത്തില്‍ അജാക്‌സ്



ആംസ്റ്റെര്‍ഡാം: യുവേഫ യൂറോപലീഗ് ആദ്യസെമിയില്‍ അജാക്‌സിന് ജയം. ആദ്യപാദ സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബായ ലിയോണിനെതിരേ ഒന്നിനെതിരേ നാല് ഗോളുകള്‍ നേടിയാണ് നെതര്‍ലാന്‍ഡ് കരുത്തന്മാരുടെ ജയം. ചെല്‍സിയില്‍ നിന്ന് വായ്പ്പാടിസ്ഥാനത്തില്‍ ക്ലബ്ബിലെത്തിയ ബുര്‍കിനോഫാസോ താരം ബെര്‍ട്രാണ്ട് ട്രോറിന്റെ ഇരട്ടഗോളിലാണ് അജാക്‌സ് അനായാസം ഫൈനല്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. പന്തടക്കത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മുന്നിലായിരുന്നെങ്കിലും പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്താണ് അജാക്‌സ് വിജയം സ്വന്തമാക്കിയത്. മല്‍സരത്തിന്റെ 25ാം മിനിറ്റില്‍ തന്നെ ട്രോര്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. സിയെച്ചിനെ കൂട്ടുപിടിച്ച് ട്രോര്‍ അജാക്‌സിന് ആധിപത്യം നേടിക്കൊടുത്തപ്പോള്‍ പത്തുമിനിറ്റിനകം ഡോള്‍ബെര്‍ഗ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഗോളിന് അസിസ്റ്റ് നല്‍കിയത് ബെര്‍ട്രാണ്ടോ ട്രോര്‍ ആയിരുന്നു. ആദ്യപകുതി 2-0ന് പിരിഞ്ഞ അജാക്‌സിനെതിരേ തിരിച്ചടിക്കാനുള്ള ലിയോണിന്റെ ശ്രമങ്ങള്‍ പാഴായിക്കൊണ്ടിരുന്നു. 49ാം മിനിറ്റില്‍ ജര്‍മന്‍ ഫോര്‍വേഡ് താരം അമിന്‍ യൂനുസ് അജാക്‌സിന് ഗോള്‍ സമ്മാനിച്ചു. സ്വന്തം മണ്ണില്‍ മൂന്നു ഗോളിന്റെ ആധിപത്യം നേടിയ അജാക്‌സിനെതിരേ 66ാം മിനിറ്റിലാണ് ലിയോണ്‍ തിരിച്ചടിച്ചത്. മിഡ്ഫീല്‍ഡര്‍ മാത്യു വാള്‍ബ്യുനയുടെ കണ്ടെത്തലായിരുന്നു ഗോള്‍. 3-1ന് അവസാനിക്കുമെന്ന് കരുതിയ കളിയില്‍ 71ാം മിനിറ്റില്‍ തന്റെ രണ്ടാംഗോള്‍ കണ്ടെത്തി ട്രോര്‍ വീണ്ടും നെതര്‍ലാന്‍ഡ് മണ്ണിനെ ആവേശത്തിലാഴ്ത്തി. ആദ്യഗോള്‍ കൂട്ടുകെട്ടില്‍ നിന്ന് അവസാന ഗോളും പിറന്നതോടെ 4-1ന് തോല്‍വി സമ്മതിച്ച് ലിയോണ്‍ മടങ്ങി. ഇനി 12ാം തിയ്യതി നടക്കുന്ന രണ്ടാംപാദത്തില്‍ മൂന്നു ഗോള്‍ എങ്കിലും തിരിച്ചടിച്ചാല്‍ ലിയോണിന് ഫൈനലില്‍ കടക്കാം.
Next Story

RELATED STORIES

Share it