Flash News

യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ റയല്‍ മാഡ്രിഡും ടോട്ടനവും മുഖാമുഖം



ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാല്‍പന്ത് വിരുന്നൊരുക്കാന്‍ യുവേഫ ചാംപ്യന്‍സ് ലീഗില്‍ വീണ്ടും വിസില്‍ മുഴങ്ങുമ്പോള്‍ കരുത്തരായ റയല്‍ മാഡ്രിഡും ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും വീണ്ടും അങ്കത്തട്ടില്‍. രണ്ടാംതവണയും കിരീടം നേടി ചാംപ്യന്‍പട്ടം തലയില്‍ ചൂടിയ റയല്‍ മാഡ്രിഡ് ടോട്ടനത്തെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാപോളിയും ലിവര്‍പൂളിന് മാരിബോറുമാണ് എതിരാളികള്‍.
കലക്കാന്‍ റയല്‍ മാഡ്രിഡ്
സ്പാനിഷ് ലീഗിലെ അവസാന മല്‍സരത്തില്‍ ജിറോന 2-1ന് ഞെട്ടിച്ച ഷോക്കില്‍ നിന്ന് വിട്ടുമാറാത്ത മാഡ്രിഡിനെ വീണ്ടും അട്ടിമറിയിലേക്ക് തള്ളിവിടാന്‍ ഇംഗ്ലീഷ് തന്ത്രങ്ങളുമായി ടോട്ടനം തയ്യാറെടുക്കുകയാണ്. എന്നാല്‍ പരാജയ കണക്കുകളെ വീരവിജയങ്ങള്‍ കൊണ്ട് പഴങ്കഥയാക്കുന്ന സിദാന്റെ റോയല്‍ തന്ത്രത്തില്‍ ആരാധകര്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഗ്രൂപ്പ് എച്ചില്‍ മൂന്ന് കളികളില്‍ നിന്നായി രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് വീതമുള്ള ഇരു ടീമും പ്ലേ ഓഫ് സാധ്യത നേരത്തെ ഉറപ്പിച്ചതാണ്. ടോട്ടനത്തെ അവരുടെ മടയില്‍ ചെന്ന് സിദാന്റെ കുട്ടികള്‍ പോരിന് വിളിക്കുമ്പോള്‍ സ്വന്തം ജനങ്ങളുടെ മുന്നില്‍ തലകുനിച്ചിട്ടില്ലാത്ത ഒരുപാട് കഥകളുടെ ചരിത്രവുമായാണ് ഹോസ്പര്‍സ് കാത്തിരിക്കുന്നത്. അവസാനത്തെ നാല് മല്‍സരത്തിന്റെ കണക്കില്‍ റയലാണ് മുന്നിലുള്ളത്. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു എന്നതു മാത്രമാണ് ടോട്ടനത്തിന് ആശ്വാസമേകുന്നത്. ബാക്കി മൂന്നും റയല്‍ പോക്കറ്റിലാക്കി. എന്നാല്‍, അവസാനത്തെ മല്‍സരത്തില്‍ സമനില കണ്ടെത്തിയതിന്റെ ആത്മവിശ്വാസം ടോട്ടനത്തിന് മുതല്‍കൂട്ടാണ്. ഗാരെത് ബെയ്‌ലിന്റെ പരിക്ക് സ്പാനിഷ് ചാംപ്യന്‍മാര്‍ക്ക് വെല്ലുവിളിയാണെങ്കിലും സൂപ്പര്‍ താരം റൊണാള്‍ഡോ പ്രതീക്ഷ തെറ്റിക്കില്ല. ഈ സീസണ്‍ ചാംപ്യന്‍സ് ലീഗ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള ഹാരി കെയ്‌നും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ താരം ഇന്നലെ പരിശീലനത്തിനെത്തിയിട്ടുണ്ട്. സ്വന്തം ഗ്രൗണ്ടില്‍ കളിച്ച 10 ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ആകെ 20 ഗോളുകളിലൂടെ ആറ് ജയങ്ങള്‍ വാരിക്കൂട്ടിയ കണക്കുകള്‍ മൗറീഷ്യോ പോച്ചെറ്റീനോയുടെ ശിഷ്യന്മാര്‍ക്ക് ശുഭപ്രതീക്ഷയാണ്. പക്ഷേ, വിദേശമണ്ണില്‍ ആറ് മല്‍സരത്തില്‍ അഞ്ചും വിജയിച്ചാണ് റയല്‍ ലണ്ടനിലേക്ക് വിമാനം കയറിയത്.
തിമിര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
മറ്റൊരു മല്‍സരത്തില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ജയത്തില്‍ കൂടുതലൊന്നും പെപ് ഗാര്‍ഡിയോളയുടെ കുട്ടികള്‍ പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് എഫില്‍ മൂന്ന് കളികളില്‍ നിന്ന് ഒമ്പതു പോയിന്റുമായി സിറ്റി പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ച് ഒന്നാം സ്ഥാനത്തുണ്ട്. എന്നാല്‍, ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് നാപോളി. പ്ലേ ഓഫില്‍ കടക്കാന്‍ നാപോളിക്ക് ഇന്ന് ജയിച്ചാല്‍ മാത്രം പോര, രണ്ടാം സ്ഥാനത്തുള്ള ഷക്തര്‍ ഡൊണെറ്റ്‌സ്‌ക തോല്‍ക്കുകയും വേണം. പരസ്പരം കരുത്ത് നോക്കിയ മൂന്ന് കളികളില്‍ ഓരോ ജയവും തോല്‍വിയും സമനിലയും ഇരുകൂട്ടരും പങ്കിടുന്നു. സെര്‍ജിയോ അഗ്യൂറോ- ഗബ്രിയേല്‍ ജീസസ്- ലൂക്കാസ് ത്രയങ്ങള്‍ മുന്നേറ്റത്തില്‍ മെനഞ്ഞെടുക്കുന്ന തന്ത്രമാണ് സിറ്റിയുടെ വിജയം നിര്‍ണയിക്കുക. മറ്റൊരു മല്‍സരത്തില്‍ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളും സ്ലൊവേനിയന്‍ ക്ലബ്ബ്് മാരിബോറും തമ്മില്‍ ഏറ്റുമുട്ടും. സ്പാര്‍ട്ടക്ക് മോസ്‌കോ എന്ന മറ്റൊരു കരുത്തര്‍ക്കൊപ്പം ഗ്രൂപ്പ് ഇയില്‍ ഒന്നാംസ്ഥാനം പങ്കിടുമ്പോള്‍ ഗ്രൂപ്പ് ചാംപ്യനാവാനുള്ള പോരാട്ടമാവും ജെര്‍ഗന്‍ ക്ലോപ്പിന്റെ ഇംഗ്ലീഷ് ക്ലബ്ബ് കാഴ്ചവയ്ക്കുക. ഇരുവരും അവസാനം മാറ്റുരച്ചപ്പോള്‍ ഏകപക്ഷീയമായ ഏഴ് ഗോളിന്റെ ജയം അക്കൗണ്ടിലാക്കിയ ലിവര്‍പൂളിന് ഇന്നത്തെ ജയം സംബന്ധിച്ച് സംശയമേതുമില്ല.
Next Story

RELATED STORIES

Share it