Alappuzha local

യുവാവിന് സൂര്യാഘാതമേറ്റു

ആലപ്പുഴ: ജില്ലയില്‍ ചൂട് വര്‍ധിക്കുന്നു. ഇന്നലെ ചേര്‍ത്തലയില്‍ സൂര്യാഘാതമേറ്റ് യുവാവിന് പരിക്കേറ്റു. ഇയാള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
ചൂടിനെ പ്രതിരോധിക്കാനുള്ള ബോധവല്‍കരണവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി. സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടുന്നതിനുള്ള മാര്‍ഗരേഖയാണ് എണ്ണായിരത്തോളം ലഘുലേഖകളാക്കി അതോറിറ്റി ജനങ്ങലെത്തിക്കുന്നത്.
കടുത്തചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്കാണ് സൂര്യഘാതസാധ്യത കൂടുതല്‍. കൂട്ടികള്‍, പ്രായമായവര്‍, വിവിധങ്ങളായ അസുഖമുള്ളവര്‍ (രക്തക്കുഴല്‍ ചുരുങ്ങല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷിക്കുറവ്, പ്രമേഹം, ത്വക്‌രോഗം) ജന്മനാ സ്വേദഗ്രന്ഥികളുടെ അഭാവമുള്ളവര്‍ എന്നിവര്‍ക്ക് സൂര്യഘാത സാധ്യതയേറും.
കര്‍ഷകത്തൊഴിലാളികള്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, മറ്റ് പുറം വാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണം. സൂര്യാഘാതം മൂലം ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടു പോകുക, ശ്വസന പ്രക്രിയ സാവധാനമാകുക, തലവേദന, മസില്‍ പിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യഘാതത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഓക്കാനം, ഛര്‍ദി, കുറഞ്ഞ/കൂടിയ നാഡിമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞ നിറമാകുക, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം.
കടുത്ത ചൂടിനോട് ദീര്‍ഘനേരം സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദിവസത്തില്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുക, നിര്‍ജ്ജലീകരണം തടയുക തുടങ്ങിയവ ചൂടിനെ പ്രതിരോധിക്കും.
Next Story

RELATED STORIES

Share it