Pathanamthitta local

യുവാവിന്റെ മരണം: ഭര്‍ത്താവിനു പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി

റാന്നി: അത്തിക്കയം മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്‍ ജേക്കബ്(21)നെ കൊലപ്പെടുത്തിയതില്‍ തന്റെ ഭര്‍ത്താവിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. അടിച്ചിപ്പുഴ സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വിവരങ്ങള്‍ പുറത്ത് അറിയിച്ചാല്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും യുവതി പരാതിയില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്കു മുമ്പിലും സിന്‍ജോമോന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തി. കഴിഞ്ഞ തിരുവോണ ദിവസമായ സെപതംബര്‍ നാലിനാണ് സിന്‍ജോമോനെ വീടിനു സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ വെളിപ്പെടുത്തലുകളിങ്ങനെ; തിരുവോണ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ രക്തം പുരണ്ട വസ്ത്രവുമായി തന്റെ ഭര്‍ത്താവ് വീട്ടിലെത്തി. എന്ത് പറ്റിയെന്ന എന്റെ ചോദ്യത്തിന് മര്‍ദ്ദനമായിരുന്നു മറുപടി. കഞ്ചാവിനും മദ്യത്തിനും അടിമയായ അയാളുടെ കൈവശം ഒരു കവറുണ്ടായിരുന്നു. ഭര്‍ത്താവ് കുളിക്കുവാന്‍ പോയ സമയത്ത് കവര്‍ പരിശോധിച്ചു. കവറിനുള്ളില്‍ പത്രത്തില്‍ പൊതിഞ്ഞ 500 രൂപ നോട്ടുകളുടെ ഒരു കെട്ടായിരുന്നു. അപ്പോള്‍ തന്നെ രക്തംപുരണ്ട വസ്ത്രങ്ങള്‍ അയാള്‍ കത്തിച്ചു. ഇതൊന്നും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. പണപ്പൊതി രാവിലെ ഒമ്പതു മണിയോടെ മറ്റൊരു വീട്ടില്‍ സൂക്ഷിക്കുവാന്‍ ഏല്‍പിച്ചു.
അടുത്ത ദിവസം പരിചയമില്ലാത്ത രണ്ട് യുവാക്കള്‍ വീട്ടില്‍ എത്തി പണം ആവശ്യപ്പെട്ടു. ഞങ്ങളും കഷ്ടപ്പെട്ടതാ, ഞങ്ങള്‍ക്കും വീതം വേണം എന്നാവശ്യപ്പെട്ടാണവരെത്തിയതെന്നും യുവതി പറയുന്നു. ബുധനാഴ്ച രാത്രി പരസ്യമായി താനാണ് സിന്‍ജോയെ കൊന്നത് എന്ന് അയാള്‍ വിളിച്ച് പറഞ്ഞു. തന്നെയും കൊലപ്പെടുത്തുമെന്ന് വിളിച്ചുപറഞ്ഞതായും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ രാത്രിയില്‍ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനായി റാന്നി സിഐയെ ചുമതലപ്പെടുത്തി.
യുവതിയെയും ഭര്‍ത്താവിനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഭര്‍ത്താവ് മാത്രമാണ് എത്തിയതെന്ന്് പോലീസ് പറഞ്ഞു. കുടുംബകലഹമാണ് പരാതിക്ക് കാരണമെന്നാണ് ആരോപണ വിധേയന്‍ പോലീസിനെ അറിയിച്ചത്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ ജില്ലാ പോലിസ് മേധാവിക്ക് നേരിട്ട് മൊഴി നല്‍കാനാണാഗ്രഹിക്കുന്നതെന്നാണ് യുവതിയുടെ നിലപാട്. കേസന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരെയും സിന്‍ജോമോന്റെ ബന്ധുക്കള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
സിന്‍ ജോമോന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. വെള്ളം ഉള്ളില്‍ ചെന്ന് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു പോലിസ് നിഗമനം. നാട്ടുകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നടത്തിയ സമരങ്ങളെ തുടര്‍ന്ന് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി. ഒക്‌തോബര്‍ 28ന് മൃതദേഹം പുനഃപരിശോധന നടത്തുകയും ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it